വയനാട് : തിരുനെല്ലി പനവല്ലിയിലെ സ്വകാര്യ കാപ്പി എസ്റ്റേറ്റിൽ നിയമവിരുദ്ധമായി വൻ തോതിൽ മരം മുറിക്കുന്നതായി ആരോപണം. നൂറ് ഏക്കർ വരുന്ന പനവല്ലി കാൽവരി എസ്റ്റേറ്റില്‍ നിന്നാണ് മരം കടത്തുന്നത്. ലോക്ക് ഡൗണിന്‍റെ മറവിലാണ് ലക്ഷങ്ങളുടെ മരംമുറി അരങ്ങേറുന്നത്. 500ല്‍ അധികം വർഷം പഴക്കമുള്ള കൂറ്റൻ വീട്ടി, തേക്ക്, കുന്നി തുടങ്ങിയവയാണ് വെട്ടിമാറ്റുന്നത്.
also read: പട്ടയ ഭൂമിയിലെ മരം മുറിക്കല്‍ വീണ്ടും പ്രതിസന്ധിയില്‍; ആശങ്കയോടെ കർഷകർ
റവന്യൂ വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും അനുമതിയോടെയാണ് മരം മുറിക്കുന്നതെന്നാണ് എസ്‌റ്റേറ്റ് ഉടമകൾ പറയുന്നത്. എന്നാൽ എസ്റ്റേറ്റിൽ അഞ്ചേക്കർ പട്ടയമില്ലാത്ത റവന്യൂ ഭൂമിയുണ്ട്. ഇവിടെ സർക്കാർ ഉടമസ്ഥതയുള്ള തേക്കും വീട്ടിയും മുറിച്ചിട്ടുണ്ട് എന്നാണ് ആരോപണം. സർക്കാർ വക മരം മുറിക്കാൻ റെയ്ഞ്ച് ഓഫിസറും വില്ലേജ് ഓഫിസറും താലൂക്ക് തഹസിൽദാറും അനുമതി നൽകിയതിൽ വൻ അഴിമതി നടന്നതായി വയനാട് പ്രകൃതിസംരക്ഷണ സമിതി ആരോപിക്കുന്നു.
അതീവ പരിസ്ഥിതി ദുർബല പ്രദേശമാണ് പനവല്ലി. ഈ എസ്‌റ്റേറ്റിന്‍റെ താഴ്വാരത്ത് നിന്നും ഉത്ഭവിക്കുന്ന അരുവി കാളിന്ദിയിലാണ് ചേരുന്നത്. വയനാട് വന്യജീവി കേന്ദ്രത്തിലൂടെയാണ് കാളിന്ദി ഒഴുകുന്നത്. എസ്റ്റേറ്റിലെ മരം മുറി സമീപഗ്രാമങ്ങളിലെ കൃഷിയെയും കുടിവെള്ളത്തെയും വന്യജീവികളുടെ ജല ലഭ്യതയെയും ബാധിക്കുമെന്നും ആശങ്കയുണ്ട്. 2019ലെ പ്രളയകാലത്ത് ഈ എസ്‌റ്റേറ്റിന്‍റെ അടുത്ത് കിലോമീറ്ററുകൾ നീളത്തിൽ കുന്നിൻ ചരിവ് പിളർന്ന് ഭൂമി താഴ്ന്ന് പോയിരുന്നു.