വയനാട്: സർക്കാർ വാഹനത്തിൽ കർണാടകത്തിലേക്ക് പോയ അധ്യാപിക തിരുവനന്തപുരം മുതൽ സംസ്ഥാന അതിർത്തി വരെ യാത്ര ചെയ്‌തത് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒപ്പമെന്ന് സൂചന. മലബാറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശികളായ എക്‌സൈസ് ഉദ്യോഗസ്ഥരാണ് അധ്യാപികക്ക് സഹായം നൽകിയത്. നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടറായ കൃഷ്ണകുമാറിന്‍റെ സ്വകാര്യ വാഹനത്തിലാണ് അധ്യാപികയും കുഞ്ഞും തിരുവനന്തപുരത്തു നിന്ന് പെരിന്തൽമണ്ണ വരെ എത്തിയത്.
കൃഷ്‌ണകുമാറിന്‍റെ മക്കളുടെ അധ്യാപികയാണ് കാമ്‌ന ശർമ. ഇവർക്കൊപ്പം കല്‍പ്പറ്റ എക്‌സൈസ് സി.ഐ എ.പി ഷാജഹാൻ, മലപ്പുറം സ്ക്വാഡ് സി.ഐ അബ്ദുല്‍ കലാം, കുന്ദമംഗലം ഇൻസ്‌പെക്ടര്‍ എസ്. അനിൽകുമാർ എന്നിവരും കാറിൽ ഉണ്ടായിരുന്നു. പെരിന്തൽമണ്ണ മുതലാണ് യാത്രക്ക് എക്‌സൈസ് വാഹനം ഉപയോഗിച്ചത്. പെരിന്തൽമണ്ണ മുതൽ രാമനാട്ടുകര വരെ അബ്ദുല്‍ കലാമിന്‍റെ നിർദേശമനുസരിച്ച് സ്ക്വാഡ് വാഹനത്തിലും അവിടെ നിന്ന് വയനാട് ചുരത്തിൽ തകരപ്പാടി വരെ കുന്ദമംഗലം ഇൻസ്പെക്ടർ അനിൽ കുമാറിന്‍റെ ഔദ്യോഗിക വാഹനത്തിലായിരുന്നു യാത്ര.
തകരപ്പാടി മുതൽ മുത്തങ്ങ വരെയാണ് കൽപ്പറ്റ സി.ഐയുടെ ഔദ്യോഗിക വാഹനം യാത്രക്ക് ഉപയോഗിച്ചത്. എക്‌സൈസ് വാഹനമായത് കൊണ്ട് പൊലീസ് പരിശോധിച്ചതുമില്ല. അധ്യാപികയുടെ ബന്ധു കേരള - കർണാടക അതിർത്തിയിലെ മൂല ഹള്ളയിൽ വാഹനവുമായി കാത്തു നിന്നിരുന്നു. ഇവിടെ വരെയാണ് എക്‌സൈസ് വാഹനം ഓടിയത്. ഈ ഉദ്യോഗസ്ഥർക്കെതിരെയെല്ലാം നടപടി ഉണ്ടാകാനാണ് സാധ്യത.