വയനാട്: മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തില്‍ വയനാട്ടിൽ ആശങ്ക ഉയരുന്നു. കർഷക സംഘടനകൾ തീരുമാനത്തിനെതിരെ രംഗത്തെത്തി. മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ വിസ്‌തൃതിയിൽ പരിസ്ഥിതിലോല മേഖല ആക്കുമ്പോൾ വയനാട് ജില്ലയിലെ നാല് വില്ലേജുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
തരിയോട്, അച്ചൂരാനം, പൊഴുതന, കുന്നത്തിടവക എന്നീ വില്ലേജുകളാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുക. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 10000 കത്തുകൾ അയക്കും. വാണിജ്യാവശ്യത്തിനുള്ള വിവിധതരം ഖനനം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ, തടി മില്ലുകൾ എന്നിവ പരിസ്ഥിതിലോല മേഖലയിൽ അനുവദിക്കില്ല. വനം, റവന്യു, സ്വകാര്യ ഭൂമികളിലെ മരം മുറിക്കാൻ അനുമതി വാങ്ങുകയും വേണം. അതേസമയം കേന്ദ്ര തീരുമാനത്തെ പരിസ്ഥിതി പ്രവർത്തകർ സ്വാഗതം ചെയ്തു.