ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ സർക്കാരിന് തലവേദനയായി ഘടകകക്ഷിയായ സിപിഐ. ഖനനത്തെ എതിർത്ത് ജില്ലാ നേതൃത്വം പ്രസ്താവന ഇറക്കിയതിന് പിന്നാലെ പ്രാദേശിക നേതാക്കൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരെ സിപിഐ പല്ലന ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പൊഴിമുഖത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. കുമാരകോടി ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പൊഴിമുഖത്തിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.വി രാജീവ് ഉദ്‌ഘാടനം ചെയ്‌തു.
തോട്ടപ്പള്ളിയിലെ പൊഴിമുറിക്കലിന്‍റെ പേരിൽ ആറ്റുമണലിന് പകരം കരിമണലാണ് എടുത്തുകൊണ്ടു പോകുന്നതെന്നും നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറിയില്ലായെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ലോക്കൽ കമ്മറ്റി അംഗം ഉമേഷ് ഉല്ലാസ് അധ്യക്ഷത വഹിച്ചു. ഗാന്ധി ബഷീർ, കെ.എസ് ബിലാൽ, കെ.സുഗതൻ, കെ.എ നൗഫൽ, മനീഷ് എന്നിവർ നേതൃത്വം നൽകി.