ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷ് കേരളം വിടുന്നതിന് മുമ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍റെ ഓഫിസ് സന്ദർശിച്ചിരുന്നതായി ബിജെപി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദത്തിലായ അടുത്ത മന്ത്രി കടകംപ്പള്ളിയാണ്. മന്ത്രിയുടെ പൂർവ്വകാല ചരിത്രം തിരുവനന്തപുരത്തുള്ളവർക്ക് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ മന്ത്രിക്കും ഈ കേസിൽ പങ്കുള്ളതായി സംശയമുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിക്കണമെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
സിപിഎമ്മിനുള്ളിലെ വിഭാഗീയതയുടെ ബാക്കിപത്രമാണ് മന്ത്രി ഇ.പി ജയരാജന്‍റെ മകനെതിരായ ചിത്രങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയാണ് മാധ്യമങ്ങൾക്ക് ചിത്രങ്ങൾ ചോർത്തി നൽകിയതെന്നാണ് മന്ത്രിയുടെ ആരോപണം. സംസ്ഥാനത്ത് സിപിഎം നേതാക്കളുടെ മക്കളാണ് സ്വർണക്കടത്ത്, മയക്കുമരുന്ന് മാഫിയ സംഘത്തിന് നേതൃത്വം നൽകുന്നതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. അന്വേഷണ ഏജൻസികളുടെ അടുത്ത അന്വേഷണം കിഫ്‌ബിയുമായി ബന്ധപ്പെട്ട അഴിമതികളുമായി ബന്ധപ്പെട്ടാണ്. ഇതോടുകൂടി കൂടുതൽ അഴിമതി കഥകൾ പുറത്തുവരുമെന്നും സന്ദീപ് വാര്യർ ആലപ്പുഴയില്‍ പറഞ്ഞു.