ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളിവിരുദ്ധ - ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കിൽ ജില്ല നിശ്ചലമായി. പണിമുടക്കിന്‍റെ ഭാഗമായി ജില്ലയുടെ വിവിധയിടങ്ങളിൽ പ്രകടനവും യോഗങ്ങളും സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രമായ ആലപ്പുഴയിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ റോഡുകളിൽ കുത്തിയിരുന്നും, ട്രെയിനുകൾ തടഞ്ഞും, പ്രകടനങ്ങൾ വിളിച്ചും,മനുഷ്യ ചങ്ങലകൾ തീർത്തുമാണ് പണിമുടക്കിന്‍റെ ഭാഗമായത്. ആരോഗ്യപ്രവർത്തകർ, തെരഞ്ഞെടുപ്പ് ജോലി നിർവഹിക്കേണ്ട ജീവനക്കാർ, തുടങ്ങിയവർ ഹാജർ രേഖപ്പെടുത്താതെ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സമരരംഗത്തുള്ള കർഷകരും കർഷകത്തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചതോടെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമായി ജില്ലയിൽ പണിമുടക്ക് മാറി.