ആലപ്പുഴ: അമ്പലപ്പുഴ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കിണർമുക്ക്-കുറവൻതോട് റോഡ് പുനർനിർമിച്ച് നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ റോഡിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. തീരദേശത്തേക്കുള്ള യാത്ര സുഗമമാക്കുന്ന റോഡുകളെല്ലാം തന്നെ ഉന്നത നിലവാരത്തിൽ പുനർനിർമിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാനായത് പൊതുമരാമത്ത് വകുപ്പിന്‍റെയും സർക്കാരിന്റെയും നേട്ടമാണ്. സംസ്ഥാനത്താകമാനം ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചുകൊണ്ട് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം ആന്‍റ് ബിസി നിലവാരത്തിലാണ് റോഡ് പുനർനിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്, ജില്ലാ പഞ്ചായത്ത് അംഗം എ. ആർ കണ്ണൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, ജനപ്രതിധികളായ യു. എം കബീർ, സിബിലാൽ, ഷീജ നൗഷാദ്, സ്വാഗത സംഘം ചെയർമാൻ എച്ച്. സലാം, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ.സിനി എന്നിവർ സംസാരിച്ചു.