ആലപ്പുഴ: പ്രളയം തകര്‍ത്തെറിഞ്ഞ ആലപ്പുഴയിലെ കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങുമായി ഐ ആം ഫോര്‍ ആലപ്പി. ആലപ്പുഴ കുടുംബശ്രീയുടെ മേല്‍നോട്ടത്തിലുള്ള പോഷകാഹാര നിര്‍മാണശാലയിലെ ഉപകരണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നശിച്ചു. ഇവക്ക് പകരം ഐ ആം ഫോര്‍ ആലപ്പി 20 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ നല്‍കിയത്. ആലപ്പുഴ ജില്ലാ സബ്-കലക്ടര്‍ കൃഷ്ണതേജ ഐ.എ.എസ് നേതൃത്വം നല്‍കുന്ന ഐ-ആം ഫോര്‍ ആലപ്പിയോടൊപ്പം സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയും കൈകോര്‍ത്തു. നൂതനസാങ്കേതിക രീതിയിലുള്ള ബ്ലന്‍ഡര്‍, റോസ്റ്റര്‍, പൗഡര്‍ സിഫ്റ്റര്‍, വീറ്റ് ക്ലീനിംഗ് മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് പ്രളയം ബാധിച്ച മേഖലകളിലെ ഏഴ് ഉല്‍പാദന കേന്ദ്രങ്ങളിലേക്കായി നല്‍കിയത്.
ആകെ 14 ഉല്‍പാദന കേന്ദ്രങ്ങളാണ് ജില്ലയില്‍ കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളിലെ പോഷകഹാര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ആരംഭിച്ചതാണ് ഈ കേന്ദ്രങ്ങള്‍. ഇവ വഴി നിര്‍മിക്കുന്ന പോഷകാഹാരം അമൃതം പൊടി എന്ന പേരില്‍ അങ്കണവാടികളിലൂടെയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഉല്‍പാദന കേന്ദ്രങ്ങളില്‍ പലയിടത്തും പ്രളയം നാശം വിതച്ചിരുന്നു. ഇതുമൂലം ഉല്‍പാദനത്തില്‍ വലിയ തോതില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഐ.ആം ഫോര്‍ ആലപ്പിയും-സേവ് ദി ചില്‍ഡ്രന്‍ സംഘടനയും ചേര്‍ന്ന് ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.