ആലപ്പുഴ: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് ആക്രമണം പൊലീസ് സംരക്ഷണയിലാണ് നടന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. സാധാരണ ഒരു എംഎൽഎയുടെ ഓഫിസിലേക്ക് മാർച്ച് നടത്താൻ പോലും പൊലീസ് സമ്മതിക്കാറില്ല. ഇതിപ്പോൾ നേരത്തെ പൊലീസിന് വിവരം ലഭിച്ചിട്ട് പോലും അത് തടയാൻ ശ്രമിച്ചില്ലെന്നും വേണുഗോപാൽ ആരോപിച്ചു.
എസ്.പി - ഡി.വൈ.എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും, ഡി.വൈ.എസ്.പി ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നിട്ട് പോലും പൊലീസ് അതിക്രമത്തെ തടയാൻ ശ്രമിച്ചില്ല. ഇതിൽ നിന്ന് തന്നെ പൊലീസ് സംരക്ഷണയിലാണ് ഈ അക്രമം നടന്നതെന്ന് വ്യക്തമാണെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.
മോദിയെയും ബിജെപിയെയും സന്തോഷിപ്പിക്കാൻ ഉള്ള അക്രമമാണ് വയനാട്ടിലേത്. മോദി ഇ.ഡിയെ ഉപയോഗിക്കുമ്പോൾ പിണറായി എസ്.എഫ്.ഐയെ ഉപയോഗിക്കുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കുട്ടികളെ കൊണ്ട് ചുടുചോർ വാരിപ്പിച്ചിരിക്കുകയാണ് സിപിഎം.
നേതൃത്വത്തിന്‍റെ അറിവോടെയല്ല ഈ ആക്രമണം നടന്നതെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഓഫിസ് അക്രമത്തിൽ ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ ഇതിൽ നിന്ന് തലയൂരാൻ വേണ്ടിയാണ് സി.പി.എം ഇപ്പോൾ അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുള്ളതെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.