ആലപ്പുഴ: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ അഭിപ്രായം തന്നെയാണ്. താൻ പറഞ്ഞത് ചെന്നിത്തലയോ ചെന്നിത്തല പറഞ്ഞത് താനോ തള്ളിപ്പറഞ്ഞിട്ടില്ല.
വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന നിലയിൽ ചാനലുകളിലെ വാർത്ത കണ്ടപ്പോഴാണ് തനിക്ക് ചിരി വന്നത്. ഈ വിഷയത്തിൽ കോൺഗ്രസിന് ഒറ്റ അഭിപ്രായമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചു. ഗവർണർ ആദ്യം അതിന് കൂട്ട് നിന്നു. പിന്നീട് ഗവർണർ അഭിപ്രായം മാറ്റി. നിയമവിരുദ്ധമായിട്ടാണ് നിയമനം നടത്തിയതെന്ന നിലയിലേക്ക് ഗവർണർ നിലപാട് സ്വീകരിച്ചു.
നിയമവിരുദ്ധമായിട്ടാണ് എങ്കിൽ വൈസ് ചാൻസിലറെ രാജിവെപ്പിക്കുകയോ പുറത്താക്കുകയോ ചെയ്യണമെന്നാണ് കോൺഗ്രസ് നിലപാട് എടുത്തത്. ഈ നിലപാട് തന്നെയാണ് കെപിസിസി പ്രസിഡന്‍റിന്‍റും മുൻ പ്രതിപക്ഷ നേതാവും സ്വീകരിച്ചത്.
ഈ വിഷയത്തിൽ ഇതേ അഭിപ്രായം തന്നെയാണ് തന്‍റേതും. അതിൽ അഭിപ്രായ ഭിന്നതയില്ലെന്നും അത് ആഘോഷിക്കാൻ ആരും വരേണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി. ഗവർണറുടെ അധികാരത്തെ കവർന്നെടുത്ത സംസ്ഥാന സർക്കാരിനെയാണ് തങ്ങൾ വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പറഞ്ഞു.