ആലപ്പുഴ : സിൽവർ ലൈനുമായി ബന്ധപ്പെട്ട് കോടതിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുമെന്ന് കെ-റെയിൽ മാനേജിങ് ഡയറക്‌ടർ വി അജിത് കുമാർ. ചോദ്യങ്ങൾ സ്വാഭാവികമാണ്. അവയ്ക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകും. ഇതും വളരെ സ്വാഭാവികമായ പ്രക്രിയയാണ്.
ഇതെല്ലായിടത്തും നടക്കുന്നത് തന്നെയാണ്. അവയെ ആ രീതിയിൽ തന്നെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികൃതർ മറുപടി നൽകുമെന്നും വി അജിത് കുമാർ വ്യക്തമാക്കി. കെ-റെയിൽ പദ്ധതി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. കർണാടകയും ഹരിയാനയും മഹാരാഷ്ട്രയും ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ മാതൃകയിലാണ് കേരളത്തിലും പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.
ALSO READ: കെ എസ് ഷാന്‍ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ
കേന്ദ്ര റെയിൽവേ മന്ത്രാലയം ഉൾപ്പടെയുള്ള വിവിധ മന്ത്രാലയങ്ങൾ പദ്ധതിയുടെ ഡിപിആർ ശുപാർശ ചെയ്‌തതാണ്. കെ-റെയിൽ പദ്ധതി കേന്ദ്ര സർക്കാരിന്‍റെ ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമാണ്. ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമായ എല്ലാ പദ്ധതികളും 2030ൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനകാര്യ വകുപ്പ് തന്നെ പറഞ്ഞിട്ടുള്ളതാണെന്നും പിന്നെ എന്തിനാണ് ഇതിനെതിരെ ചിന്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര വീടുകൾ നഷ്‌ടമാകുമെന്ന് സാമൂഹിക ആഘാത പഠനത്തിന് ശേഷമേ ബോധ്യമാകൂ എന്നും കെ-റെയിൽ എംഡി ആലപ്പുഴയിൽ പറഞ്ഞു.