ആലപ്പുഴ : കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ക്ഷേത്ര ആരാധന ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായ ആന ഉടമകളുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ വനം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.
എലിഫന്‍റ് ഓണേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആനയൂട്ടിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരകണക്കിന് പേരുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വനം വകുപ്പ് ആന ഉടമകൾക്ക് ചെറിയ സഹായം നൽകിയിരുന്നു. സഹായത്തിന് പരിഗണന അർഹിക്കുന്ന വിഭാഗമാണ് ആന ഉടമകളും തൊഴിലാളികളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വർഷമായി ഉത്സവ സീസണുകൾ ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് എലിഫന്‍റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. സാധാരണഗതിയിൽ നാല് മാസത്തെ ഉത്സവമടക്കമുള്ള പരിപാടിയിൽ നിന്നുള്ള വരുമാനം മാത്രമാണ് ഒരു വർഷം ലഭിക്കുന്നത്.
മുൻ കാലങ്ങളിൽ ആനയൂട്ട് ക്ഷേത്രങ്ങളിൽ നടക്കുമ്പോൾ പോഷകാഹാരം അടക്കമുള്ള ആനയുടെ ചിലവ് അങ്ങനെ നടന്നുപോകുമായിരിന്നു. ഈ വിഷയത്തിൽ സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
also read: 'ഹെര്‍പസ്' ; കോട്ടൂരില്‍ ആനക്കുട്ടികൾ ചരിഞ്ഞ സംഭവത്തില്‍ ആശങ്ക കനക്കുന്നു