ആലപ്പുഴ: ഓർഫനേജ് കൺട്രോൾ ബോർഡിന്‍റെ രജിസ്‌ട്രേഷനില്ലാതെ കുമാരപുരത്ത് പ്രവർത്തിച്ച വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ അഗതിമന്ദിരം സാമൂഹികനീതി വകുപ്പ് പൂട്ടിച്ചു. അന്തേവാസികൾക്ക് ഭക്ഷണം നൽകാതിരിക്കുന്നതും ആക്രമിക്കുന്നതും പതിവാണെന്ന പരാതിയെത്തുടർന്നാണ് അഗതിമന്ദിരത്തിന് പൂട്ട് വീണത്.
ഓച്ചിറ സ്വദേശി സിറാജ് നടത്തിവരുന്ന അഗതി മന്ദിരത്തിൽ 12 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരുടെ സംരക്ഷണം ഒരാഴ്‌ചത്തേക്ക് ഗ്രാമപ്പഞ്ചായത്തിന് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തേവാസികളെ സർക്കാരിന്‍റെ മേൽനോട്ടത്തിലെ ആതുരാലയത്തിലേക്ക് മാറ്റാനും തീരുമാനിച്ചു.
രോഗശയ്യയിലുള്ളവരെയാണ് പ്രധാനമായും ഇവിടെ പാർപ്പിക്കുന്നത്. ആവശ്യത്തിന് ഭക്ഷണമോ വൈദ്യപരിചരണമോ നൽകാറില്ലെന്നും പരാതിയുണ്ടായിരുന്നു. കുമാരപുരം പഞ്ചായത്ത് പരിധിയിൽ നേരത്തേ രണ്ടിടത്ത് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നു. പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥാപനം പൂട്ടിക്കുകയായിരുന്നു.
സാമ്പത്തിക ലാഭം മുൻനിർത്തിയാണ് ഇവർ അഗതിമന്ദിരം നടത്തുന്നതെന്ന പരാതിയും ഉയർന്നിരുന്നു. മുൻപും സമാന പരാതികളിൽ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം ഇവർ ഉപദ്രവിച്ച് കാലിന് പരിക്കേറ്റ ഒരു അന്തേവാസി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതി ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സാമൂഹികനീതി വകുപ്പ് ഫീൽഡ് റസ്പോൺസ് ഓഫീസർ വിജയലക്ഷ്‌മി, ചെങ്ങന്നൂർ റവന്യൂ ഡിവിഷൻ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്‍റ് എം. അബ്ദുല്‍ വാഹിദ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. അന്തേവാസികളെ ഉപദ്രവിക്കുന്നതിൽ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.