ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കനത്ത മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ അതിതീവ്ര മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പല മേഖലകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി.
കക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും കൈവഴികളുടെയും കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോവർ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ചെങ്ങന്നൂരിന്‍റെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. വെള്ളംകയറുന്ന പ്രദേശത്തെ ആളുകളെ സുരക്ഷ മുൻകരുതൽ എന്ന നിലയിൽ ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും ആലോചനയുണ്ട്.
വീയപുരം, ചെങ്ങന്നൂർ, മങ്കൊമ്പ്, കാവാലം, ചെറുതന, പെരുമാങ്കര പാലം, പാണ്ടി പാലം എന്നി മേഖലകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിർത്താതെ പെയ്യുന്ന മഴമൂലം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ നഗരങ്ങളിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസം സൃഷ്‌ടിക്കുന്നുണ്ട്.
Also read: തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ; അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി