ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം മുൻ സംസ്ഥാന സമിതി അംഗവുമായിരുന്ന ജി സുധാകരനെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായി നിലനിർത്താനും ജില്ല കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്താനും തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ജി സുധാകരന്‍റെ അംഗത്വം ബ്രാഞ്ച് തലത്തിൽ നിലനിർത്തണമെന്ന് തീരുമാനിച്ചത്. ഈ തീരുമാനം ഇന്ന് സംസ്ഥാന സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ചേർന്ന സിപിഎം ആലപ്പുഴ ജില്ല കമ്മറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്‌തു.
തുടർന്ന് ജില്ല കമ്മിറ്റി തന്നെ സുധാകരന് ഘടകവും നിശ്ചയിച്ചു. ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസി സെന്‍റർ ബ്രാഞ്ച് ആയിരിക്കും ഇനി ജി സുധാകരന്‍റെ ഘടകം. മുതിർന്ന നേതാവെന്ന നിലയിൽ ജില്ലയിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സുധാകരന്‍റെ നിർദേശങ്ങൾ അനിവാര്യമാണെന്ന് സുധാകര പക്ഷക്കാരായ ചില ജില്ല കമ്മറ്റി അംഗങ്ങള്‍ യോഗത്തിൽ വാദിച്ചതിനെ തുടർന്ന് സുധാകരനെ പാർട്ടി ജില്ല കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.