ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ നല്‍കി മത്സ്യത്തൊഴിലാളികള്‍. അർത്തുങ്കൽ - ഒറ്റമശ്ശേരി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘമാണ് സംഭാവന നൽകിയത്. മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്‌ജനാണ് മത്സ്യത്തൊഴിലാളികൾ തുക കൈമാറിയത്.
ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി എന്നും നിലകൊണ്ടിട്ടുള്ള മത്സ്യത്തൊഴിലാളി സമൂഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക വഴി വീണ്ടും മാതൃകയായെന്ന് പി.പി ചിത്തരഞ്‌ജന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘം പ്രസിഡന്‍റ് പി.എസ് കുഞ്ഞപ്പൻ, മത്സ്യഫെഡ് ജില്ലാ മാനേജർ പി.എൽ വത്സലകുമാരി എന്നിവർ പങ്കെടുത്തു.