ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ചേർത്തല താലൂക്കിൽ സ്ഥിതി സങ്കീർണമാകുന്നു. ഗർഭിണികൾക്കും, കുട്ടികൾക്കും കുത്തിവയ്പിന് നേതൃത്വം നൽകിയ മൂന്ന് പേരിൽ ഒരാൾക്കും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചേർത്തല നഗരസഭ അതിർത്തിയിൽപെട്ട കോര്യംപള്ളി എൽപി സ്കൂളിൽ ജൂലൈ 9 വ്യാഴാഴ്ച ഗർഭിണികൾക്കും കുട്ടികൾക്കും കുത്തിവെയ്പിന് നേതൃത്വം നൽകിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ നിരീക്ഷണത്തിലാണ്. അന്നേ ദിവസം സ്കൂളിൽ കുത്തിവയ്പ്പിന് എത്തിയ കുട്ടികളേയും, മാതാപിതാക്കളേയും, ഗർഭിണികളേയും ഉടൻ തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല നഗരസഭ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിട്ടുണ്ട്.
ചേർത്തല താലൂക്കിന്‍റെ ഭാഗമായ പെരുമ്പളം ദ്വീപിൽ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കും സമ്പക്കത്തിലൂടെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായിരിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകാനും സന്നദ്ധ സേവന പ്രവർത്തങ്ങൾ ഏകോപിക്കാനും നേതൃത്വം നൽകിയ ആളാണ് ഇദ്ദേഹം.