ആലപ്പുഴ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ മരണാനന്തര പൊതുദർശന - പ്രാർഥന ശുശ്രൂഷകൾ പരുമല സെമിനാരിയിൽ ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊതുദർശന - പ്രാർഥന ശുശ്രൂഷകൾക്ക് നൂറുകണക്കിന് സഭാവിശ്വാസികളും പുരോഹിതരും സാമുദായിക പ്രമുഖരുമാണ് എത്തുന്നത്.
ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ്, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പരുമല പള്ളിയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു.
also read: അശരണര്‍ക്ക് തണലായ ഇടയന്‍;അനുകമ്പയുടെ ആള്‍രൂപം
സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഗോവ ഗവർണർ ശ്രീധരൻ പിള്ള അനുസ്മരിച്ചു. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി എന്നും മുന്നിലുണ്ടായിരുന്ന മതനേതാവായിരുന്നു തിരുമേനിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ സഭാഭരണത്തിന്‍റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
ഋഷിതുല്യമായ ജീവിതം നയിച്ച ബാവ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. മൃതദേഹം വൈകിട്ട് ആറ് വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും.
ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലാണ് കബറടക്കം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍.