ആലപ്പുഴ: കരുമാടി ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മിഥുനോട് ഏറ്റവും അടുത്ത കൂട്ടുകാരനാരെന്ന് ചോദിച്ചാല്‍ കുട്ടപ്പനെന്ന് ഉത്തരം നല്‍കും. കുട്ടപ്പന് ഒരു പ്രത്യേകയുണ്ട്, കുട്ടപ്പന്‍ ഒരു പൂവന്‍ കോഴിയാണ്. പതിനൊന്നുകാരന്‍റെയും പൂവന്‍ കോഴിയുടേയും അപൂര്‍വ സൗഹൃദത്തിന്‍റെ കഥയാണിത്.
ഒന്നര വർഷം മുന്‍പാണ് മിഥുന്‍റെ കുടുംബം പൂവൻ കോഴിയെ വാങ്ങുന്നത്. കുട്ടപ്പൻ എന്ന് ഓമനപ്പേരുമിട്ടു. ലോക്‌ഡൗണ്‍ കാലത്ത് കുട്ടപ്പനായിരുന്നു മിഥുന്‍റെ കൂട്ട്. ആദ്യമൊക്കെ മിഥുൻ കളിയ്ക്കുമ്പോൾ കുട്ടപ്പൻ നോക്കി നിൽക്കുമായിരുന്നു. ഇപ്പോള്‍ പന്ത് കളിയ്ക്കാനൊക്കെ മിഥുന്‍റെ ഒപ്പം കുട്ടപ്പനുമുണ്ടാകും. മിഥുൻ പുറത്തെങ്ങാനും പോകാന്‍ സൈക്കിളെടുത്താൽ കുട്ടപ്പനും ഒപ്പം കൂടും.
മിഥുനെ ആരെങ്കിലും വഴക്ക് പറഞ്ഞാല്‍ അവരെ കൊത്തി ഓടിയ്ക്കും. പരിചയമില്ലാത്തവർ കുട്ടപ്പന്‍റെ അടുത്തെത്തിയാൽ അവർക്കും കിട്ടും കണക്കിന് കൊത്ത്. മിഥുനോടും മുത്തശ്ശിയോടും മാത്രമാണ് കുട്ടപ്പന് കൂട്ട്. മിഥുന്‍റെ സഹോദരന്‍ ഹരികൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളെ കണ്ടാല്‍ കൊത്തി ഓടിയ്ക്കും കുട്ടപ്പന്‍. മിഥുന്‍റേയും പൂവന്‍ കോഴിയുടേയും സൗഹൃദം കാണുന്നവരില്‍ കൗതുകമുണര്‍ത്തും.
Also read: മണ്ണില്‍ ചോര വീഴുന്ന, കോടികൾ മറിയുന്ന 'കോടി പണ്ടലു': കോഴിപ്പോരിന്‍റെ ചരിത്രവും വർത്തമാനവും: video