ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏത് നഗരത്തിലെയും പ്രത്യേക വിഭവങ്ങള്‍ രാജ്യത്തിന്‍റ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിനായുള്ള പൈലറ്റ് പ്രൊജക്റ്റിന് തുടക്കമിട്ട് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. കമ്പനി സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയലാണ് പുതിയ പദ്ധതിയുടെ വിവരം പങ്കുവച്ചത്.
കൊല്‍ക്കത്തയില്‍ നിന്നുള്ള രസഗുള, ഹൈദരാബാദി ബിരിയാണി, മൈസൂര്‍ പാക്ക്, ലക്‌നൗ കബാബ്, ഡല്‍ഹി ബട്ടര്‍ ചിക്കന്‍, ജയ്‌പൂര്‍ പ്യാസ് കച്ചോരി തുടങ്ങിയ പ്രശസ്‌തമായ വിഭവങ്ങള്‍ രാജ്യത്തുടനീളം എത്തിക്കും. ഇത്തരം വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്‌താല്‍ അടുത്ത ദിവസമാകും ഉപഭോക്‌താവിന്‍റെ കൈകളില്‍ എത്തിച്ചേരുക. സുദീര്‍ഘമായ സൊമാറ്റോയുടെ ഡെലിവറി പങ്കാളികളെയും റെസ്‌റ്റോന്‍റ് പങ്കാളികളെയും ഉള്‍പ്പെടുത്തി വിപുലമായ ശൃംഖയിലൂടെ ഉപയോക്‌താക്കളുടെ ഇഷ്‌ടം പിടിച്ചുപറ്റാനാകുമെന്ന് വിശ്വാസമുള്ളതായി ദീപിന്ദർ ഗോയല്‍ 'ഇന്‍റര്‍സിറ്റി ലെജൻഡ്‌സ്' എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗ്‌പോസ്റ്റിലൂടെ അറിയിച്ചു.
ലഭ്യമാവുക ഇന്‍റര്‍സിറ്റി ലെജൻഡ്‌സ് വഴി : സൊമാറ്റോ ആപ്പിലെ ഇന്‍റര്‍ സിറ്റി ലെജൻഡ്‌സ് എന്ന ഒപ്‌ഷനിലൂടെയാണ് ഇത്തരം വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. വിമാനമാര്‍ഗമാണ് വിഭവങ്ങള്‍ എത്തുക. റെസ്‌റ്റോറന്‍റില്‍ നിന്ന് പുതുതായി തയ്യാറാക്കിയ വിഭവങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവുന്നതും പുനരുപയോഗിക്കാവുന്നതുമായ ടാംപർ പ്രൂഫ് കണ്ടെയ്‌നറുകളിലാണ് പായ്ക്ക് ചെയ്യുക. ബൈൽ റഫ്രിജറേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഭക്ഷണം ഫ്രീസ് ചെയ്യുകയോ പ്രിസര്‍വേറ്റീവ്‌സ് ഉപയോഗിക്കുകയോ ഇല്ലെന്ന് ദീപിന്ദർ ഗോയല്‍ വ്യക്തമാക്കി.
ഗുരുഗ്രാമിലെയും സൗത്ത് ഡൽഹിയുടെ ചില ഭാഗങ്ങളിലെയും തിരഞ്ഞെടുത്ത ഉപഭോക്താക്കളില്‍ പുതിയ പദ്ധതി പരീക്ഷിക്കുകയാണ്. അടുത്ത ഏതാനും ആഴ്‌ചയ്‌ക്കുള്ളില്‍ രാജ്യത്തുടനീളം പദ്ധതി വ്യാപിപ്പിക്കും. നിലവില്‍ റെസ്‌റ്റോറന്‍റുകളിലെ 7 മുതല്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓര്‍ഡറുകള്‍ സൊമാറ്റോ സ്വീകരിക്കുന്നതല്ലെന്ന് ദീപിന്ദർ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.