തിരുവനന്തപുരം : കേരളത്തിൽ സ്വന്തമായി കൃഷി ചെയ്യാനൊരുങ്ങുന്ന ഒരാൾക്ക് ആദ്യം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നം സ്ഥലത്തിന്‍റെയും തൊഴിലാളികളുടെയും ദൗര്‍ലഭ്യമാണ്. എന്നാൽ നൂതന സാങ്കേതിക വിദ്യയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരമൊരുക്കുകയാണ് 'അപ് ടൗൺ അർബൻ ഫാംസ്' എന്ന സ്റ്റാർട്ട് അപ്പ് കമ്പനി.
മൊബൈൽ ആപ്പ് ഉപയോഗിച്ച് ഫാമിലെ ഫാനുകൾ ഓൺ ചെയ്യാം, ഇടവേളകളിൽ വെള്ളം പമ്പ് ചെയ്യാം, ഫാമിനുള്ളിലെ ചെടികൾക്ക് മുകളിൽ വെള്ളം തളിക്കാം. കൃഷിക്കാരൻ ഓഫിസിലോ വീട്ടിലോ ആയാലും കൃഷി സ്ഥലം മൊബൈൽ ആപ്പിൻ്റെ നിയന്ത്രണത്തിൽ ഭംഗിയിൽ നിലനിൽക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ കീഴിൽ വന്ന പുതിയ സംരംഭമാണ് ഈ ഔട്ടോമാറ്റിക്ക് ഹൈഡ്രോപോണിക്‌സ് കൃഷി രീതിക്ക് പിന്നിൽ. സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന ഈ കൃഷി രീതിയിൽ വിഷാംശങ്ങൾ തെല്ലുമുണ്ടാവില്ലെന്ന് മാത്രമല്ല മനുഷ്യാധ്വാനവും കുറവാണ്.
പായ്‌ക്ക് ചെയ്‌ത് കിട്ടുന്ന ചെടി തൈകൾ പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൈപ്പിലേക്ക് വച്ചുകൊടുത്താൽ മാത്രം മതി. ന്യൂട്രീഷൻസ് കലർത്തിയ വെള്ളത്തിൽ അധിക മണ്ണിൻ്റെ സഹായമില്ലാതെ ചെടികൾ വളരും. അര ഏക്കറിലാണ് ഈ ടെക്നോളജിയുടെ സഹായത്താൽ തിരുവനന്തപുരം കരമനയിൽ ഫാം. ഹൈഡ്രോപോണിക്‌സ് കൃഷി രീതിയിൽ 5 വർഷത്തിന് മുകളിൽ പരിചയവുമുണ്ട് അപ് ടൗൺ അർബൻ ഫാംസിന്.
നിലവിൽ ചീര, ബേസിൽ, ലെറ്റ്യൂസ് തുടങ്ങിയ ഇല ചെടികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന വെള്ളം റീസൈക്കിൾ ചെയ്യുന്നതിനാൽ ജലത്തിന്‍റെ അധിക ചെലവും ആവശ്യമായി വരുന്നില്ല. വിദേശത്ത് അടക്കം ഏറെ പ്രചാരമുള്ള ഈ കൃഷി രീതി കേരളത്തിലും വ്യാപകമാക്കുകയും വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.