തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഇനി മുതല്‍ കേന്ദ്ര- സംസ്ഥാനങ്ങളുടെ പ്രത്യേക രസീത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് പുതിയ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങള്‍ സൗജന്യമായി നൽകിയാൽ അതിന് രസീത് നല്‍കണം.
ഇതു സംബന്ധിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്‍റെ നിര്‍ദേശം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സംയോജിത സൗജന്യ റേഷന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്കുള്ള കത്തില്‍ അറിയിച്ചു. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന് വെവേറെ ബയോ മെട്രിക് വിവരശേഖരണം റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-പോസ് മെഷീനില്‍ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. രസീതിന്‍റെ മാതൃക വൈകാതെ തന്നെ സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിന്‍റെ സബ്‌സിഡി തുക മുഴുവനായി വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും രസീതില്‍ രേഖപ്പെടുത്തും. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനില്‍ നിന്നു തന്നെ ഈ രസീത് പ്രിന്‍റ് ചെയ്യാം. നിലവില്‍ റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ മുഖേനെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് സാധാരണ റേഷന്‍ ലഭിക്കാനും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും റേഷന്‍ കടകളിലെ ഇ-പോസ് മെഷീനില്‍ രണ്ടു തവണയായി വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു.
ഇ-പോസ് നെറ്റ്‌വര്‍ക്കില്‍ നിന്നു കേന്ദ്ര സര്‍ക്കാരിന്‍റെ 'അന്നവിതരണ്‍' പോര്‍ട്ടലും ആയി ബന്ധിപ്പിച്ചിട്ടുള്ള സെര്‍വര്‍ മുഖേന റേഷന്‍ വിതരണത്തിന്‍റെ കണക്ക് കേന്ദ്രത്തിനു നേരിട്ടു ശേഖരിക്കാന്‍ വേണ്ടിയാണു ഇത് ആരംഭിച്ചത്. ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനൊപ്പം ഉപയോക്താവിനെ കൂടി ഇക്കാര്യം അറിയിക്കുന്നതിനാണ് രസീതില്‍ കേന്ദ്രത്തിന്‍റെ മുദ്ര സ്ഥാപിക്കുന്ന പുതിയ നീക്കം.
മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് നിറത്തിലെ കാര്‍ഡുകളുടെ ഉടമകള്‍ക്ക് ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം അരി കിലോയ്ക്ക് 3 രൂപയ്ക്കും ഗോതമ്പ് കിലോയ്ക്ക് 2 രൂപയ്ക്കും മറ്റു ധാന്യങ്ങള്‍ കിലോയ്ക്ക് ഒരു രൂപയ്ക്കുമാണു കേന്ദ്രം നല്‍കിയിരുന്നത്. ഇതു കൂടാതെ പിഎംജികെഎവൈ പദ്ധതി പ്രകാരം 5 കിലോ വീതം അരിയും സൗജന്യമായി നല്‍കിയിരുന്നു.
ഈ പദ്ധതികള്‍ സംയോജിപ്പിച്ച് ഈ വര്‍ഷം മുഴുവന്‍ മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ക്ക് പൂര്‍ണ സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഡിസംബറിലാണ് തീരുമാനിച്ചത്. എന്നാല്‍ ഈ വര്‍ഷം വരാനിരിക്കുന്ന ചില സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്‍റെ ഈ പദ്ധതി എന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.