ജിദ്ദ: സുസ്ഥിര നിക്ഷേപത്തിനായി 1.5 ബില്യണ്‍ യുഎസ് ഡോളറിന്‍റെ ഫണ്ട് പ്രഖ്യാപിച്ച് സൗദി സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എണ്ണ-വാതക ഉല്‍പ്പാദന ഭീമനായ ആരാംകോ. ഐക്യരാഷ്‌ട്ര സഭയുടെ കാലവസ്ഥ സമ്മേളനം അടുത്തമാസം ഈജിപ്‌തില്‍ നടക്കാനിരിക്കെ കമ്പനിയുടെ പരിസ്ഥിത സൗഹൃദ ഇമേജ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതി സൗഹൃദമായ സാങ്കേതിക വിദ്യ, കാലവസ്ഥ വ്യതിയാനം കുറയ്‌ക്കുന്നതിനുള്ള ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയിലുള്ള നിക്ഷേപത്തിലായിരുക്കും ഈ ഫണ്ട് കേന്ദ്രീകരിക്കുകയെന്ന് ആരാംകോ സിഇഒ അമിന്‍ നസീര്‍ പറഞ്ഞു.
സുസ്ഥിര വികസനത്തില്‍ കേന്ദ്രീകരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വെഞ്ച്വര്‍ കേപ്റ്റില്‍ ഫണ്ടായിരിക്കും ഇത്. ലോകവ്യാപകമായി ഈ ഫണ്ട് നിക്ഷേപം നടത്തുമെന്നും മരൂഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് മീറ്റിങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന ലോകത്തിലെ കോര്‍പ്പറേറ്റുകളില്‍ ഒന്നാണ് ആരാംകോ.
വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍: ആരാംകോയുടെ സുസ്ഥിരഫണ്ട് കണ്ണില്‍പ്പൊടിയിടലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പരിസ്ഥിതി സൗഹൃദ പ്രഖ്യാപനങ്ങള്‍ നടത്തി ലോകത്തിലെ ഓയില്‍ ഗ്യാസ് കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ ചായം പൂശുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ആരാംകോയുടെ സുസ്ഥിര ഫണ്ട് കേന്ദ്രീകരിക്കുന്ന ഒരു മേഖല കാര്‍ബണ്‍ കേപ്‌ചര്‍ സാങ്കേതിക വിദ്യയാണ്. ഹരിതഗൃഹ വാതകമായ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഫാക്‌ടറിയുടെ പുക കുഴലിലൂടെ പുറന്തള്ളാതെ അവയെ ശേഖരിച്ച് ഭൂമിക്ക് അടിയില്‍ നിക്ഷേപിക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യയില്‍ അപകടം പതിയിരിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ചെലവേറിയ കാര്‍ബണ്‍ കേപ്‌ചര്‍ സാങ്കേതിക വിദ്യയുടെ കാര്യക്ഷമത ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനം നിര്‍ബാദം തുടരാനായുള്ള ഒരു ന്യായികരണമായി ഇത്തരം സാങ്കേതിക വിദ്യകളെ ഉപയോഗിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍കര്‍ പറയുന്നു.
ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, ഡിജിറ്റല്‍ സുസ്ഥിരത, ഹൈഡ്രജന്‍, അമോണിയ, സിന്തറ്റിക് ഫ്യുയല്‍ എന്നിവയിലുള്ള നിക്ഷേപത്തിലും സുസ്ഥിര ഫണ്ട് കേന്ദ്രീകരിക്കുമെന്ന് ആരംകോ വ്യക്തമാക്കി. കമ്പനിയുടെ ഓപ്പറേഷനില്‍ 2050 ഓടുകൂടി നെറ്റ് സിറോ ബഹിര്‍ഗമനം കൈവരിക്കാനാണ് ആരാംകോ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ആരാംകോ ഉല്‍പ്പാദിപ്പിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്‍റെ വളരെ ഒരു ചെറിയ അംശം മാത്രമെ വരികയുള്ളൂ.
ആരാംകോയുടെ സുസ്ഥിര ഫണ്ട് കാലവസ്ഥ വ്യതിയാനം പരിഹരിക്കാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഫോസില്‍ ഊര്‍ജോല്‍പ്പാദാനം നിര്‍ബാദം തുടരാനുള്ള കണ്ണില്‍പ്പൊടിയിടല്‍ മാത്രമാണ് കമ്പനിയുടെ ഈ സുസ്ഥിര ഫണ്ടെന്നും കാലവസ്ഥ വ്യതിയാനത്തില്‍ പഠനം നടത്തുന്ന പാസ്‌കോ സബീഡോ പറഞ്ഞു.