മുംബൈ : ഇന്ത്യന്‍ രൂപയ്‌ക്ക് സര്‍വകാല മൂല്യ തകര്‍ച്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80 രൂപയില്‍ താഴ്‌ന്നു. യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചത് ഡോളറിന്‍റെ മൂല്യം കഴിഞ്ഞ രണ്ട് ദശാബ്‌ദ കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്താന്‍ കാരണമായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.49 രൂപയായാണ് ഇടിഞ്ഞത്.
ഇന്നത്തെ (സെപ്‌റ്റംബർ 22) വ്യാപാരത്തിന്‍റെ തുടക്ക ഘട്ടത്തില്‍ തന്നെ ഡോളറിനെതിരെ രൂപ 42 പൈസ ഇടിഞ്ഞ് 80.38 രൂപയിലെത്തി. പ്രധാനപ്പെട്ട കറന്‍സികള്‍ക്കെതിരെ ഡോളറിന്‍റെ മൂല്യം ഉയര്‍ന്നത് കൂടാതെ ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും റിസ്‌ക് എടുക്കാനുള്ള നിക്ഷേപകരുടെ വൈമുഖ്യവും ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയുമാണ് രൂപയുടെ മൂല്യമിടിച്ചതെന്ന് വിദേശ നാണയ വിപണിയിലെ വ്യാപാരികള്‍ വ്യക്തമാക്കി.
രൂപയുടെ മൂല്യ തകര്‍ച്ച കുറയ്‌ക്കാനായി വിദേശ കറന്‍സി മാര്‍ക്കറ്റില്‍ കൂടുതല്‍ ഡോളര്‍ ഇറക്കി റിസര്‍വ് ബാങ്ക് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപയുടെ മൂല്യത്തെ സംബന്ധിച്ച് 80 എന്നത് സൈക്കോളജിക്കല്‍ മാര്‍ക്കാണ്. ഡോളറിനെതിരെയുള്ള മൂല്യം അതിലും താഴെ പോകുന്നത് ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ നിക്ഷേപകരില്‍ ആശങ്ക സൃഷ്‌ടിക്കും. സുരക്ഷിത മാര്‍ഗമെന്ന നിലയിലാണ് നിക്ഷേപകര്‍ ഡോളറില്‍ നിക്ഷേപിക്കുന്നത്.
ലോകത്തെ മറ്റ് പ്രധാനപ്പെട്ട ആറ് കറന്‍സികളുമായി യുഎസ് ഡോളറിന്‍റെ മൂല്യം കണക്കാക്കുന്ന ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 111.72ല്‍ എത്തി. ഈ വര്‍ഷം 17 ശതമാനത്തിന്‍റെ വര്‍ധനവാണ് ഡോളര്‍ സൂചികയില്‍ ഉണ്ടായിരിക്കുന്നത്.
യുക്രൈനിലെ യുദ്ധം ശക്തിപ്പെടുത്തുമെന്ന സൂചന റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ നല്‍കിയതും ചൈനയും തായ്‌വാനും തമ്മിലുള്ള സംഘര്‍ഷ സാധ്യതയും ആഗോള നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ യുഎസ് ട്രഷറി ബോണ്ടുകളില്‍ കൂടുതല്‍ നിക്ഷേപിക്കുകയാണ് ഇവര്‍. ഇതാണ് ഡോളറിന്‍റെ മൂല്യം വലിയ രീതിയില്‍ കൂടാന്‍ കാരണം.
കൂടാതെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ നിക്ഷേപിക്കുന്നതിന്‍റെ ആകര്‍ഷകത്വം വിദേശ നിക്ഷേപകര്‍ക്ക് കുറയുന്നു. അങ്ങനെ വരുമ്പോള്‍ ആ രാജ്യത്തിന്‍റെ ആഭ്യന്തര വിപണിയില്‍ നിന്ന് ഡോളറിന്‍റെ ഒഴുക്ക് ഉണ്ടാകുകയും തല്‍ഫലമായി ആഭ്യന്തര കറന്‍സിയുടെ മൂല്യം കുറയുകയും ചെയ്യുന്നു.
രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതിയുടെ ചെലവ് കൂടും. ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഭൂരിഭാഗവും ഇന്ത്യ ഇറക്കുമതിയിലൂടെയാണ് നിവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുക.