മുംബൈ : യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. തിങ്കളാഴ്‌ച (ഒക്‌ടോബർ 17) വ്യാപാരം ആരംഭിച്ച ഉടനെ 19 പൈസ ഇടിഞ്ഞ് 82.38 ൽ എത്തി. തുടർച്ചയായി വിദേശ ഫണ്ടുകൾ പുറത്തേക്ക് ഒഴുകുന്നതും ആഭ്യന്തര ഓഹരികൾ ദുർബലമായതും നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ സ്വാധീനിച്ചത് ഇടിവിന് കാരണമായി.
വിദേശ കറന്‍സി വിപണിയില്‍ ആദ്യം ഡോളറിനെതിരെ 82.33 എന്ന നിലയിലായിരുന്നെങ്കിലും പിന്നീട് 82.38 ലേയ്‌ക്ക് കൂപ്പുകുത്തുകയായിരുന്നു. മുൻപത്തേതിനേക്കാള്‍ 19 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ ആദ്യ ഇടപാടുകളിൽ അമേരിക്കൻ കറൻസിയ്‌ക്കെതിരെ രൂപ 82.38 - 82.33 എന്ന അടുത്ത പരിധിയിലാണ് നീങ്ങുന്നത്.
ആഗോള സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്ന യുഎസ് ഫെഡറൽ റിസർവും ആഗോളതലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകളും മോണിറ്ററി പോളിസി കർശനമാക്കുമെന്ന ആശങ്കയെത്തുടർന്ന് ഒക്‌ടോബർ ആദ്യ രണ്ടാഴ്‌ചയിൽ എഫ്‌ഐഐകൾ ഇന്ത്യൻ ഇക്വിറ്റി വിപണികളിൽ നിന്ന് ഏകദേശം 7,500 കോടി രൂപ പിൻവലിച്ചിരുന്നു.
അതിനിടെ, ഈ വർഷത്തെ ഗ്രീൻബാക്കിന് (യുഎസ് ഡോളർ) എതിരെ ഇന്ത്യൻ കറൻസിയുടെ മൂല്യം ദുർബലമായിട്ടില്ലെന്നും ഡോളറാണ് ശക്തിപ്പെട്ടതെന്നുമായിരുന്നു ധനമന്ത്രി നിർമല സീതാരാമന്‍റെ വാദം.