ന്യൂഡൽഹി: 2022 ലെ വിസിക്കി ന്യൂസ് മേക്കേഴ്‌സ് റിപ്പോർട്ടിൽ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡ്. മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന ഇന്ത്യയിലെ കോർപ്പറേറ്റ് എന്ന നിലയിലാണ് റിലയൻസിന്‍റെ മുന്നേറ്റം. വരുമാനം, ലാഭം, വിപണി മൂല്യം എന്നിവയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളിൽ ഒന്നാണ് റിലയൻസ്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, പേടിഎമ്മിന്‍റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നിവയാണ് ആദ്യ അഞ്ച് റാങ്കിലുള്ള മറ്റ് സ്ഥാപനങ്ങൾ. വാർത്തകളുടെ എണ്ണം, തലക്കെട്ടുകളുടെ സാന്നിധ്യം, പ്രസിദ്ധീകരണങ്ങളുടെ വ്യാപനം എന്നിവ പരിഗണിച്ചുള്ള വിസിക്കി (Wizikey) യുടെ ന്യൂസ് സ്‌കോർ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, മീഡിയ ഇന്‍റലിജൻസ് എന്നിവ ഉപയോഗിച്ച് വാർത്തകളുടെ വ്യാപനം അളക്കുന്ന വെബ്‌സൈറ്റാണ് വിസിക്കി.
ഒന്നാമതെത്തുന്നത് തുടർച്ചയായി മൂന്നാം തവണ: 400,000 ത്തിലധികം ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ നിന്ന് 50 ദശലക്ഷം വാർത്ത ലേഖനങ്ങളാണ് തെരഞ്ഞെടുത്തത്. 1000 ഇന്ത്യൻ കോർപ്പറേറ്റുകളെയാണ് റാങ്കിങ്ങിനായി പരിഗണിച്ചത്. 2022 ൽ റിലയൻസിന് 92.56 എന്ന ന്യൂസ് സ്‌കോർ ആണ് ലഭിച്ചത്. 90 എന്ന ന്യൂസ് സ്‌കോർ മറികടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. തുടർച്ചയായ മൂന്നാം തവണയാണ് റിലയൻസ് ഈ സ്ഥാനത്തെത്തുന്നത്.
വമ്പന്മാരെ വെട്ടിച്ച് സൊമാറ്റോ: ഇൻഫോസിസ് (നമ്പർ 6), ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (7), ഹൗസിങ് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (8), മാരുതി സുസുക്കി ഇന്ത്യ (9), ടാറ്റ മോട്ടോഴ്‌സ് (10), എച്ച്‌ഡിഎഫ്‌സി ബാങ്ക് (11) എന്നിവയാണ് പട്ടികയിലെ മറ്റുള്ളവ.
വിപ്രോ (13), ആക്‌സിസ് ബാങ്ക് (14), എൻടിപിസി (15), ടാറ്റ സ്റ്റീൽ (16), ഐടിസി (17), ലാർസൻ ആൻഡ് ടൂബ്രോ (18) എന്നിവയ്‌ക്ക് മുന്നിൽ അടുത്തിടെ ലിസ്റ്റു ചെയ്‌ത സ്റ്റാർട്ടപ്പ് കമ്പനിയായ സൊമാറ്റോ 12ാം സ്ഥാനത്താണ്.