ഗുണ്ടൂർ (ആന്ധ്രാ പ്രദേശ്): ട്രെയിൻ യാത്രകൾ ഇഷ്‌ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ട്രെയിൻ യാത്ര ചെയ്യാതെ ഇനി റെയിൽവേ കോച്ചിലിരുന്ന് കൊതിയൂറും ഭക്ഷണം കഴിക്കാം. എവിടെയാണന്നല്ലേ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് 'ഫുഡ് എക്‌സ്‌പ്രസ്' എന്ന് പേരിട്ടിരിക്കുന്ന ഈ റെസ്‌റ്റോറന്‍റ് .
പഴയ റെയിൽവേ കോച്ച് അടിമുടി മാറ്റിയെടുത്താണ് ഈ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. തുരുമ്പെടുത്ത് നശിച്ചുപോകാറായ കോച്ചുകൾ തേച്ച് മിനുക്കിയെടുത്താണ് കിടിലൻ റെസ്‌റ്റോറന്‍റാക്കിയിരിക്കുന്നത്. പഴയ സ്ലീപ്പർ കോച്ചുകളാണ് സൂപ്പർ റെസ്‌റ്റോറന്‍റുകളായി മാറ്റിയിരിക്കുന്നത്.
പക്ഷേ ഇത് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഏതോ ആഢംബര റെസ്‌റ്റോറന്‍റിലേക്കാണോ എത്തിയതെന്ന് ഒരു നിമിഷം തോന്നി പോകും. കളർഫുൾ പെയിന്‍റിങ്ങും ഇന്‍റീരിയറും കോച്ചുകളെ അടിമുടി മാറ്റിയിട്ടുണ്ട്. ഗുണ്ടൂർ ഡിവിഷൻ ഡിആർഎം ആർ.മോഹനരാജാണ് കോച്ച് റസ്‌റ്റോറന്‍റ് ഉദ്ഘാടനം ചെയ്‌ത് ജനങ്ങൾക്കായി തുറന്നുനൽകിയത്.
സൗത്ത് സെൻട്രൽ റെയിൽവേയിൽ ആദ്യമായി ഗുണ്ടൂരിലാണ് ഇത്തരത്തിലുള്ള റെയിൽവേ കോച്ച് റെസ്‌റ്റോറന്‍റ് സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിൻ യാത്രക്കാർക്ക് പുറമെ, പൊതുജനങ്ങൾക്കും ഈ അനുഭവം ആസ്വദിക്കാം. വ്യത്തിയുള്ള ചുറ്റുപാടിൽ വിവിധ തരം രുചിവൈവിധ്യങ്ങൾ ലഭ്യമാക്കും. ഭക്ഷ്യവസ്‌തുക്കളുടെ വില എല്ലാവർക്കും താങ്ങാനാവുന്നതായിരിക്കുമെന്നും ആർ.മോഹനരാജ പറഞ്ഞു.