ഔറംഗബാദ് (മഹാരാഷ്‌ട്ര): വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ നവീകരിച്ച പതിപ്പിനായുള്ള കോച്ചുകൾ മഹാരാഷ്‌ട്രയിലെ ലത്തൂരിലുള്ള മറാത്ത്‌വാഡ റെയിൽ കോച്ച് ഫാക്‌ടറിയില്‍ നിര്‍മിക്കുമെന്നറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ പുതിയ പതിപ്പിനുള്ള 1,600 കോച്ചുകൾ വരും വർഷങ്ങളിൽ മധ്യ മഹാരാഷ്‌ട്രയിലെ മറാത്ത്‌വാഡ റെയിൽ കോച്ച് ഫാക്‌ടറിയില്‍ നിര്‍മിക്കുമെന്നും ഇവ ഓരോന്നിനും എട്ട് മുതല്‍ ഒമ്പത് കോടി രൂപ ചെലവ് വരുമെന്നും മന്ത്രി അറിയിച്ചു. ഔറംഗബാദിൽ ചേംബർ ഓഫ് മറാത്ത്‌വാഡ ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചർ (സിഎംഐഎ) സംഘടിപ്പിച്ച ‘ഡെസ്‌റ്റിനേഷൻ മറാത്ത്‌വാഡ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേ ഭാരത് ട്രെയിനുകളുടെ നൂതന പതിപ്പ് മണിക്കൂറിൽ 200 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 1600 കോട്ടുകള്‍ ലത്തൂരിലെ മാറാത്ത്‌വാഡയിൽ നിര്‍മിക്കുന്നത് വഴി 400 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവസരങ്ങള്‍ തുറന്നുകിട്ടുമെന്നും മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന ഈ ട്രെയിനുകളുടെ പരമാവധി വേഗത ഇപ്പോഴുള്ള 180 കിലോമീറ്ററിൽ നിന്ന് 200 കിലോമീറ്ററായി ഉയരുമെന്നും ഇതിന്‍റെ ആദ്യ കോച്ചിന്‍റെ ആദ്യ പതിപ്പ് 15 മുതല്‍ 16 മാസത്തിനകം കാണുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം സെമി ഹൈ സ്പീഡ് ട്രെയിനുകൾ നിർമിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ചും മന്ത്രി അശ്വിനി വൈഷ്‌ണവ് മനസുതുറന്നു. നിര്‍മാണത്തിലിരിക്കുന്ന ട്രെയിനുകളുടെ ശബ്‌ദം വിമാനത്തിന്‍റേതിനേക്കാൾ (85-90 ഡെസിബെൽ) കുറച്ച് 60-65 ഡെസിബെലിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചു എന്നും, 2014 മുതൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിന്‍റെ വേഗത വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014-ന് മുമ്പ് റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിന്‍റെ വേഗത പ്രതിദിനം നാല് കിലോമീറ്ററായിരുന്നുവെങ്കില്‍ ഇപ്പോഴത് പ്രതിദിനം 12 കിലോമീറ്ററിലെത്തി. പ്രതിദിനം 20 കിലോമീറ്റർ എന്ന രീതിയിലേക്ക് ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2023 മാർച്ച് 31-ന് മുമ്പ് തന്നെ ഔറംഗബാദില്‍ 5ജി ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കുമെന്നും ഇതിനായി ഔറംഗബാദ് ഇൻഡസ്ട്രിയൽ സിറ്റിയെ (ഓറിക്) റെയിൽവേ മന്ത്രാലയം ഒരു നിക്ഷേപകരായി കാണുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.