ബെംഗളൂരു: പിവിആർ സിനിമാസ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ 'ഡയറക്‌ടേഴ്‌സ് കട്ട്' നഗരത്തിലെ ബ്രിഗേഡ് റോഡിലെ റെക്‌സ് വാക്കിൽ ലോഞ്ച് ചെയ്‌തു. സമാനതകളില്ലാത്ത സിനിമ കാണൽ അനുഭവവും പ്രീമിയം ഹോസ്‌പിറ്റാലിറ്റിയും വിനോദവും സമന്വയിപ്പിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത. ലോഞ്ച് ചെയ്‌ത പുതിയ ഡയറക്‌ടേഴ്‌സ് കട്ട് ഇന്ത്യയിൽ മൂന്നാമത്തേതാണ്.
മികച്ച സിനിമ അനുഭവം പ്രദാനം ചെയ്യുന്ന തരത്തിൽ രൂപകല്‌പ്പന ചെയ്‌തിരിക്കുന്ന അഞ്ച് ആഡംബര തീമാറ്റിക് ഓഡിറ്റോറിയങ്ങളുണ്ടെന്ന് പിവിആർ മാനേജിങ് ഡയറക്‌ടർ അജയ് ബിജിലി പറഞ്ഞു. 7.1 ഡോൾബി സറൗണ്ട് സിസ്റ്റം, റിയൽ-ഡി 3ഡി സാങ്കേതികവിദ്യ എന്നിവയ്‌ക്കൊപ്പം മികച്ച സാങ്കേതിക ഓഫറുകൾ, പ്ലഷ് ലെതർ റിക്ലിനറുകൾ, 4K ലേസർ പ്രൊജക്ഷൻ സിസ്റ്റം, റേസർ ഷാർപ്പ് ഇമേജ് ക്വാളിറ്റി എന്നിവയും ഡയറക്‌ടേഴ്‌സ് കട്ടിൽ സജ്ജീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയത്തിന് 1.2 മീറ്റർ ലെഗ് റൂമും 750 എംഎം സീറ്റ് വീതിയും ഉണ്ടായിരിക്കും. എല്ലാത്തരം ഭക്ഷണപാനീയങ്ങളും ഉൾപ്പെടുത്തിയ മെനുവും ഉണ്ടായിരിക്കുമെന്ന് ബിജിലി കൂട്ടിച്ചേർത്തു.
ടിക്കറ്റ് നിരക്ക് ശരാശരി 900 രൂപയായി ഉയർത്തിയേക്കും. വാരാന്ത്യങ്ങളിലും തിരക്കുള്ള സമയങ്ങളിലും പ്രവൃത്തിദിവസങ്ങളിലും വില നിർണയം ഉണ്ടായിരിക്കും. വ്യത്യസ്‌തമായ അനുഭവം ആഗ്രഹിക്കുന്ന ആളുകളെ സിനിമ തിയേറ്ററുകളിലേക്ക് ആകർഷിക്കുക എന്ന ആശയവുമായി 2011-ൽ ഡൽഹിയിൽ പിവിആർ ലിമിറ്റഡ് അതിന്‍റെ ആദ്യത്തെ ഡയറക്‌ടേഴ്‌സ് കട്ട് തുറന്നിരുന്നു. അതിന് ലഭിച്ച പ്രതികരണം മികച്ചതായിരുന്നുവെന്നും ബിജിലി കൂട്ടിച്ചേർത്തു.
നോയിഡ, ഹൈദരാബാദ്, ചെന്നൈ, പൂനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഡയറക്‌ടേഴ്‌സ് കട്ട് മൂവി ഹാളുകൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എല്ലാ വർഷവും 100-ഓളം സ്‌ക്രീനുകൾ തുറക്കുന്ന പിവിആർ ലിമിറ്റഡിന്‍റെ 884-ാമത്തെ സ്‌ക്രീനാണ് ബെംഗളൂരുവിലെ ഏറ്റവും പുതിയ ലോഞ്ച്.