തിരുവനന്തപുരം: ഈ വേനൽ അവധിക്കാലത്ത് വെറുതെ വീട്ടിലിരിപ്പാണെങ്കിൽ കേട്ടോളൂ.. ഏപ്രിൽ-മെയ് മാസങ്ങളിൽ യാത്രക്കാർക്കായി വ്യത്യസ്‌തവും ആകർഷകവുമായ ടൂർ പാക്കേജുകൾ ഒരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. 'സമ്മർ വിത്ത് ആനവണ്ടി' എന്ന പേരിൽ കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയാണ് യാത്രാപ്രേമികൾ കാണാൻ ആഗ്രഹിക്കുന്ന വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷകമായ ഉല്ലാസ യാത്ര പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. കേരള സർക്കാരിന്‍റെ കീഴിലുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍റെ 'നെഫർറ്റിറ്റി' (4സ്റ്റാർ) എന്ന ആഡംബര കപ്പൽ കാണാനും അതിൽ യാത്ര ചെയ്യാനും അവസരമൊരുക്കുന്ന പാക്കേജാണ് ഇതിൽ ആകർഷകം.
നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര: തിരുവനന്തപുരത്ത് നിന്ന് രാവിലെ ആറ് മണിക്ക് യാത്ര പുറപ്പെടും. രണ്ട് മണിയോടെ കൊച്ചിയിൽ എത്തിച്ചേരും. കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എ സി ബസിലാണ് യാത്ര. വൈകിട്ട് മൂന്ന് മണിയോടെ നെഫർറ്റിറ്റി ആഡംബര കപ്പലിൽ കയറാനുള്ള ചെക്ക് ഇൻ ആരംഭിക്കും.
കർശന പരിശോധനയ്ക്ക് ശേഷമാകും കപ്പലിൽ പ്രവേശനം. യാത്രക്കാരുടെ ബാഗുകൾ കപ്പലിനകത്ത് കൊണ്ടുപോകാൻ പാടില്ല. അഞ്ച് മണിക്കൂർ കപ്പലിൽ ചെലവഴിക്കാം. ചെക്ക് ഇൻ കഴിഞ്ഞ് 4 മണിക്ക് കപ്പൽ ബോൾഗാട്ടി ജെട്ടിയിൽ നിന്ന് യാത്ര ആരംഭിക്കും. 12 നോട്ടിക്കൽ മൈൽ ദൂരം കപ്പൽ യാത്രക്കാരുമായി പോകും.
കപ്പലിനുള്ളിൽ തന്നെ യാത്രക്കാർക്ക് ഡിന്നർ ഒരുക്കും. യാത്രക്കാർക്കായി ഡിജെ പാർട്ടിയും സ്പെഷ്യൽ ഇവന്‍റുകളും ഒരുക്കും. 3,800 രൂപയാണ് ഒരാൾക്ക് നിരക്ക്.
ഗവി- കുമളി ഉല്ലാസ യാത്ര: വേനൽ അവധിക്കാലത്തോടനുബന്ധിച്ച് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന പ്രത്യേക ടൂർ പാക്കേജാണ് ഗവി-കുമളി ഉല്ലാസ യാത്ര. രണ്ട് ദിവസത്തെ യാത്രയാണിത്. നിലവിൽ കൊല്ലം, കണ്ണൂർ ഡിപ്പോയിൽ നിന്ന് മാത്രമാണ് ഗവി- കുമളി ഉല്ലാസ യാത്ര നടത്തുന്നത്.
കൊല്ലം ഡിപ്പോയിൽ നിന്ന് രാവിലെ 4 മണിക്ക് യാത്ര ആരംഭിച്ച് പത്തനംതിട്ടയിൽ എത്തും. അവിടെ നിന്നുമാണ് യാത്രക്കാരുമായി ഗവിയിലേക്ക് പുറപ്പെടുന്നത്. ഗവിയിൽ ബോട്ടിംഗ് സൗകര്യവുമുണ്ട്.
ഗവിയുടെ വശ്യ മനോഹാരിത ആസ്വദിച്ച് വൈകുന്നേരത്തോടുകൂടി വണ്ടിപ്പെരിയാറിലെത്തും. അവിടെ നിന്നും കുമളിയിലേക്ക് തിരിക്കും. കുമളിയിലാണ് രാത്രി താമസ സൗകര്യം ഒരുക്കുക. ക്യാമ്പ് ഫയറും, ഡിന്നറും യാത്രക്കാർക്കായി ഒരുക്കും.
അടുത്ത ദിവസം രാവിലെ ഇവിടെ നിന്നും രാമുക്കൽമേട്ടിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് താമസ സ്ഥലത്ത് തിരിച്ചെത്തി ഉച്ചയൂണും കഴിഞ്ഞ് വൈകിട്ട് മൂന്ന് മണിയോടെ ജീപ്പ് സഫാരിയും ഉണ്ടാകും. തുടർന്ന് രാത്രിയോടെയാണ് കൊല്ലത്തേക്ക് തിരിക്കുന്നത്. ഒരാൾക്ക് 4000 രൂപയാണ് നിരക്ക്.
വണ്ടർലാ പാക്കേജ്: വേനൽ അവധിയിൽ കുട്ടികൾക്കായി എറണാകുളം വണ്ടർലാ യാത്രയും ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്. രണ്ട് ദിവസത്തെ യാത്രയാണ് ഒരുക്കുന്നത്. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് 10 മണിയോടെ വണ്ടർലായിലെത്തും. വൈകിട്ട് അഞ്ച് മണിവരെ വണ്ടർലായിലെ റൈഡുകൾ ആസ്വദിക്കാം.
വണ്ടർലായിലെ എസി ഡോർമെട്രിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസം രാവിലെ മലക്കപ്പാറയിലേക്ക് തിരിക്കും. മലക്കപ്പാറയിലെ കാഴ്‌ചകൾ കണ്ട് വൈകുന്നേരത്തോടെ മടങ്ങുന്ന തരത്തിലാണ് വണ്ടർലാ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
ഒരാൾക്ക് 3000 രൂപയാണ് നിരക്ക്. കെഎസ്ആർടിസിയുടെ എല്ലാ ജില്ലകളിലെയും ഡിപ്പോകളിൽ നിന്ന് ഈ പാക്കേജ് ഉണ്ടാകും.
മൂന്നാർ ടൂർ പാക്കേജ്: കെഎസ്ആർടിസി ഒരുക്കുന്ന ടൂർ പാക്കേജുകളിൽ യാത്രക്കാരേറെയുള്ള പാക്കേജാണ് മൂന്നാർ ടൂർ പാക്കേജ്. രണ്ട് ദിവസത്തെ യാത്രയാണിത്. വേനൽ അവധി ആയതിനാൽ യാത്രക്കാരുടെ ആവശ്യാനുസരണം മൂന്നാർ ടൂർ പാക്കേജ് സർവീസ് നടത്തും.
തിരുവനന്തപുരത്ത് നിന്ന് 4 മണിയോടെ യാത്ര ആരംഭിക്കും. വാഗമൺ വഴിയാണ് യാത്ര. വൈകുന്നേരത്തോടെ മൂന്നാറിൽ എത്തിച്ചേരും. മൂന്നാറിലാണ് താമസ സൗകര്യം. സ്ലീപ്പർ എ സി ഡോർമെട്രിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അടുത്ത ദിവസം മൂന്നാറിലെ 80 കിലോമീറ്റർ ചുറ്റളവിൽ കാഴ്‌ചകൾ കണ്ട് ആസ്വദിക്കാം. മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, എക്കോ പോയിന്‍റ് എന്നിവിടങ്ങളിലെ കാഴ്‌ചകളും ആസ്വദിക്കാം. തുടർന്ന് വൈകുന്നേരത്തോടെ മൂന്നാറിൽ നിന്നും തിരിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
സൂപ്പർ ഫാസ്റ്റ് ബസിൽ ഒരാൾക്ക് നിരക്ക് 1600 രൂപയും, സൂപ്പർ ഡീലക്‌സ് ബസിൽ ഒരാൾക്ക് നിരക്ക് 2000 രൂപയുമാണ്. ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ജനപ്രിയ ടൂർ പാക്കേജ് എന്ന ഖ്യാതിയും യാത്രക്കാർ ഈ പാക്കേജിന് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെ ഡിപ്പോകളിൽ നിന്നും ഈ പാക്കേജ് ഉണ്ടാകും.
വിനോദസഞ്ചാര വകുപ്പും വനം വകുപ്പും സംയുക്തമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്. 2021 നവംബർ 1ന് ആരംഭിച്ച പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ മികച്ച ജനസ്വീകാര്യത നേടിക്കഴിഞ്ഞു. കുറഞ്ഞ യാത്ര ചെലവും മെച്ചപ്പെട്ട സൗകര്യങ്ങളും മാത്രമല്ല, കെഎസ്ആർടിസിയോടുള്ള പ്രത്യേക ഇഷ്‌ടവുമാണ് ബജറ്റ് ടൂറിസം പദ്ധതിയെ ജനകീയമാക്കിയത്.
900 ൽ അധികം ടൂർ പാക്കേജുകളിലായി 5000 ൽ അധികം ഷെഡ്യൂളുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇതുവരെ നടത്തിയത്. മൂന്നര ലക്ഷത്തോളം യാത്രകൾ കെഎസ്ആർടിസിയുടെ സേവനം ലഭ്യമാക്കി.