തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കേരള സവാരി ഇ-ടാക്‌സി സർവീസ് ആപ്പ് പ്രവര്‍ത്തനക്ഷമമായില്ല. രാജ്യത്തെ ആദ്യ സർക്കാർ നിയന്ത്രിത ഓൺലൈൻ ഓട്ടോ - ടാക്‌സി യാത്ര സംവിധാനം എന്ന നിലയില്‍ ശ്രദ്ധേയമായ കേരള സവാരി ആപ്പ് ചിങ്ങം ഒന്നിനാണ് (ഓഗസ്റ്റ് 17) മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തത്. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ ഓട്ടോയും ടാക്‌സിയും ബുക്ക് ചെയ്യാം.
ആപ്പ് പ്ലേ സ്റ്റോറിലില്ല: ആപ്പ് വെരിഫിക്കേഷന്‍ നടക്കുകയാണെന്നും വൈകാതെ പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നുമാണ് സര്‍ക്കാറിന്‍റെ വിശദീകരണം. എന്നാല്‍ എന്ന് മുതല്‍ ലഭ്യമാകുമെന്ന് ചോദ്യത്തിന് കൃത്യമായ വിശദീകരണമില്ല. തിരുവനന്തപുരം നഗരസഭ പരിധിയിൽ 541 വാഹനങ്ങളാണ് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പദ്ധതി പ്രവര്‍ത്തനമാരംഭിച്ച് വിജയകരമാകുന്ന മുറക്ക് ഘട്ടം ഘട്ടമായി സംസ്ഥാനത്താകെ നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്ര ഉറപ്പ് വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ ടാക്‌സി നിരക്കിന് പുറമെ എട്ട് ശതമാനമാണ് സര്‍വ്വീസ് ചാര്‍ജ് നിശ്ചയിച്ചത്.
ഓട്ടോറിക്ഷ ടാക്‌സി തൊഴില്‍ മേഖലക്ക് കൂടുതല്‍ കൈത്താങ്ങാവാന്‍ കൂടി ഇ-ടാക്‌സി സര്‍വ്വീസിനാകുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. മാത്രമല്ല വനിതകള്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷിതരായി യാത്ര ചെയ്യാനാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാനിക് ബട്ടണും: യാത്ര വേളകളിലുണ്ടാകുന്ന ആപല്‍ഘട്ടങ്ങളില്‍ യാത്രകാര്‍ക്ക് ആപ്ലിക്കേഷനിലെ പാനിക് ബട്ടണ്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ ഏറ്റവും അടത്തുള്ള പൊലീസ് സ്റ്റേഷനിലേക്കോ കണ്‍ട്രോള്‍ റൂമിലേക്കോ വിവരമെത്തും. ഇതുകൂടാതെ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സേവനങ്ങള്‍ തെരഞ്ഞെടുക്കാനും ആപ്പില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. മാത്രമല്ല 24 മണിക്കൂറും ഇ-ടാക്സിയുടെ സേവനം ലഭ്യമാകും.
also read: മിതമായ നിരക്ക്, സുരക്ഷിതം, തർക്ക രഹിതം: 'കേരള സവാരി' ഇ ടാക്‌സി സർവീസ് ആപ്പ് റെഡി