തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് 320. 64 കോടി രൂപയും ക്ഷീരവികസന വകുപ്പിന് 114.76 കോടി രൂപയും ബജറ്റിൽ വകയിരുത്തി. മൃഗചികിത്സ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 41 കോടി രൂപ പ്രഖ്യാപിച്ചു. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്‍റ് ബോർഡിനുള്ള സഹായം 2022-23ലെ 23.47 കോടി രൂപയിൽ നിന്നും 29.68 കോടി രൂപയായി ഉയർത്തി.
കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്‍റ് ബോർഡിന് കീഴിൽ പുതിയതായി ഒരു ഡയറി പാർക്ക് 20 കോടി രൂപ ചെലവിൽ നിർമിക്കാൻ ലക്ഷ്യമിടുകയാണ്. ആദ്യപടിയായി രണ്ട് കോടി രൂപ ഇതിനായി വകയിരുത്തി. കേരള ഫീഡ്‌സ് ലിമിറ്റഡിന്‍റെ പദ്ധതി വിഹിതം ഇരട്ടിയായി വർധിപ്പിച്ച് 20 കോടി രൂപക്കി.
ഡോർ സ്റ്റെപ്പ് വെറ്ററിനറി സേവനങ്ങൾ നൽകുന്ന പദ്ധതിക്ക് 20 കോടി രൂപ അനുവദിച്ചു. മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യക്ക് സഹായമായി 13.50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് ഫാക്‌ടറി സ്ഥാപിക്കുന്നതിന് നാല് കോടി രൂപ വകയിരുത്തി.