മലപ്പുറം: മധുരമൂറുന്ന വിദേശയിനം ചക്ക കൃഷി ചെയ്‌ത് വിജയം കൊയ്‌തിരിക്കുകയാണ് പാരമ്പര്യ കര്‍ഷകനായ വണ്ടൂർ കോട്ടമ്മല്‍ സ്വദേശി സലീം. നാടന്‍ ചക്കയ്ക്ക് പകരം മികച്ച അത്യുല്‍പാദന ശേഷിയുള്ള വിയറ്റ്നാം സൂപ്പർ എർളി എന്ന വിദേശയിനമാണ് സലീം കൃഷി ചെയ്യുന്നത്. വീടിനോട് ചേര്‍ന്നും ശാന്തിനഗറിനടുത്തുള്ള സ്വന്തം പറമ്പിലുമാണ് സലീം കൃഷിയിറക്കിയിട്ടുള്ളത്.
വര്‍ഷത്തില്‍ രണ്ട് മാസമൊഴിച്ച് ബാക്കി സമയത്തെല്ലാം വിളവ് നല്‍കുന്നയിനമാണ് വിയറ്റ്നാം സൂപ്പർ എർളി പ്ലാവുകള്‍. വിദേശത്ത് ജോലി ചെയ്യുമ്പോഴാണ് വിദേശിയായ ഈ പ്ലാവിനെ കുറിച്ചും ചക്കയുടെ പോഷക ഗുണങ്ങളെപ്പറ്റിയും അതില്‍ നിന്ന് ഉത്‌പാദിപ്പിക്കുന്ന മൂല്യവര്‍ധിത വസ്‌തുക്കളുടെ സാധ്യതയെ കുറിച്ചും സലീം മനസിലാക്കുന്നത്.
തുടര്‍ന്ന് കൊവിഡ് മഹാമാരിക്കിടെ നാട്ടിലെത്തിയ സലീം സ്വന്തം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കുകയായിരുന്നു. കൃഷിയിൽ ലക്ഷ്യം പിഴച്ചില്ലെന്ന് മാത്രമല്ല കാർഷിക ഗവേഷണ സ്ഥാപനങ്ങളും വിദ്യാർഥികളും സലീമിനെ തേടിയെത്തുകയാണിപ്പോള്‍. ആയിരത്തിലധികം പ്ലാവില്‍ നിന്ന് സലീമിനിപ്പോള്‍ വിളവ് ലഭിക്കുന്നുമുണ്ട്.
ഇടിച്ചക്ക, കറിച്ചക്ക, പഴുത്ത ചക്ക ഇങ്ങനെ മൂന്ന് ഇനങ്ങളിലായാണ് വിളവെടുപ്പ്. വിളഞ്ഞ് പാകമായ ഒരു ചക്കയ്ക്ക് ഏകദേശം എട്ട് കിലോ തൂക്കം വരും. സലീമിന്‍റെ തോട്ടത്തില്‍ വിളവെടുക്കുന്ന ചക്കയില്‍ അധികവും എറണാകുളത്തെ ലുലു മാളിലേക്കും തൃപ്പൂണിത്തുറയിലെ ശ്രീനി ഫാംസ് എന്നിവിടങ്ങളിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്.
സൗത്ത് ഇന്ത്യയില്‍ ശാസ്ത്രീയ രീതിയില്‍ ഏറ്റവും കൂടുതല്‍ ചക്ക കൃഷി നടത്തുന്നതും സലീം തന്നെയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ഉഡുപ്പിയിൽ നടന്ന സൗത്ത് ഇന്ത്യന്‍ കോൺക്ലേവിൽ അവാര്‍ഡ് കരസ്ഥമാക്കാനും സലീമിനായിട്ടുണ്ട്. ചക്ക കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സലീം.