വാഷിങ്ടണ്‍: ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്തവര്‍ഷം വീണ്ടും കുറയാനാണ് സാധ്യതയെന്ന് ഐഎംഎഫ്. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കില്‍ ഐഎംഎഫ് കുറവ് വരുത്തി. റഷ്യ യുക്രൈന്‍ സംഘര്‍ഷം, വിലക്കയറ്റം എന്നിവയാണ് പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ കുറവ് വരുത്താന്‍ കാരണം.
ഒരേസമയം പല ആഘാതങ്ങളാണ് ലോകസമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ യുക്രൈന്‍ യുദ്ധം പൊട്ടിപുറപ്പെട്ടു. ഇത് രണ്ടും ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. തല്‍ഫലമായി ആവശ്യകതയ്ക്ക് അനുസൃതമായ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത കുറവ് മൂലം വലിയ വിലക്കയറ്റമാണ് ആഗോള വ്യാപകമായി നേരിടുന്നത്. വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചത് വളര്‍ച്ചാ നിരക്ക് കുറയ്‌ക്കുന്നതിലേക്കാണ് നയിക്കുന്നത്.
കൊവിഡിന് ശേഷം പാതി മാത്രം ഉണങ്ങിയ മുറിവ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് ഐഎംഎഫ് സാമ്പത്തിക കൗണ്‍സിലര്‍ പിയറി ഒലിവര്‍ ഗൗറിന്‍ചാസ് പ്രതികരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നില്‍ ഒന്ന് ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷമോ ചുരുങ്ങുന്നതിലേക്കാണ് നീങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളായ യുഎസിലും, യൂറോപ്യന്‍ യൂണിയനിലും, ചൈനയിലുമുള്ള സാമ്പത്തിക മുരടിപ്പ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കടപ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്: 2023ലെ ആഗോള ജിഡിപി പ്രവചനം 2.7 ശതമാനമായി കുറച്ചിട്ടുണ്ട്. പ്രവചനത്തില്‍ 0.2 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയത്. എന്നാല്‍ ഈ വര്‍ഷത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷിത വളര്‍ച്ച് നിരക്കില്‍ കുറവ് വരുത്തിയിട്ടില്ല. അത് 3.2 ശതമാനമായി തുടരും.
2008 ലെ ആഗോള സാമ്പത്തിക മാന്ദ്യവും കൊവിഡ് രൂക്ഷമായ ഘട്ടത്തിലെ സാമ്പത്തിക മുരടിപ്പും മാറ്റി നിര്‍ത്തിയാല്‍ 2001 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ലോക സമ്പദ്‌വ്യവസ്ഥയുടെതെന്ന് ഐഎംഎഫ് വ്യക്തമാക്കി. യുഎസ് ജിഡിപി 2022ലെ ആദ്യപകുതിയില്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക് പോയതും കൊവിഡ് ലോക്‌ഡൗണുകള്‍ക്ക് പുറമെ ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് വിപണിയിലെ തകര്‍ച്ചയും ഇതിന്‍റെ ഭാഗമാണെന്ന് ഐഎംഎഫ് വ്യക്തമാക്കി.
പല രാജ്യങ്ങളുടെയും ആഭ്യന്തര വിപണികളിലെ ഉപഭോഗം പലിശ നിരക്ക് വര്‍ധിച്ചത് കാരണം കുറഞ്ഞിരിക്കുകയാണ്. ആഗോള വിലക്കയറ്റം ഈ വര്‍ഷം 9.5 ശതമാനത്തിലേക്ക് എത്തുമെന്നും 2024ല്‍ ഇത് 4.1 ശതമാനമായി കുറയുമെന്നും ഐഎംഎഫിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല വികസ്വര രാജ്യങ്ങളും വിദേശ കട സമ്മര്‍ദത്തിലാണെന്നും ഈ രാജ്യങ്ങളുടെ കടം പുനഃക്രമീകരിക്കേണ്ടത് രാജ്യങ്ങള്‍ കടപ്രതിസന്ധിയിലേക്ക് പോകുന്നത് തടയാന്‍ അത്യാവശ്യമാണെന്നും ഐഎംഎഫ് വ്യക്തമാക്കി.