ഹൈദരാബാദ്: ആദായ നികുതി നിയമം അനുസരിച്ച് നികുതിക്ക് വിധേയമായ വരുമാനത്തില്‍ നിന്ന് കിഴിവ് ലഭിക്കുന്ന നിക്ഷേപങ്ങളുണ്ട് ( tax-saving schemes). ആദായനികുതി അടയ്‌ക്കുന്നവര്‍ ഇത്തരം നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്നാല്‍ ആദായ നികുതിയുടെ ഭാരം കുറയ്‌ക്കാന്‍ സാധിക്കും. എങ്ങനെ ബുദ്ധിപരമായി ഇത്തരം ടാക്‌സ് സേവിങ് പദ്ധതികളെ ഉപയോഗപ്പെടുത്താം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.
നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് അധികമായി വരുന്ന മുഴുവന്‍ തുകയും ടാക്‌സ് സേവിങ് പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ബുദ്ധി ശൂന്യമാണ്. ആദായ നികുതി നിയമത്തിലെ 80സി പ്രകാരമാണ് കൂടുതലായും നമുക്ക് നികുതി ഇളവ് ലഭിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുമ്പോഴാണ് ആ നിക്ഷേപം നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാകുന്നത്. ഇതിന് ഒരു പരിധിയുണ്ടെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഒന്നര ലക്ഷം രൂപവരെയാണ് നികുതിവിധേയമായ വരുമാനത്തില്‍ നിന്ന് കിഴിക്കുകയുള്ളൂ.
ഉദാഹരണത്തിന് നിങ്ങളുടെ കൈവശം നിക്ഷേപത്തിനായി അഞ്ച് ലക്ഷം രൂപയുണ്ടെന്നിരിക്കട്ടെ. അപ്പോള്‍ അഞ്ച് ലക്ഷവും 80സി അനുസരിച്ചുള്ള ടാക്‌സ് സേവിങ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍, ആ അഞ്ച് ലക്ഷത്തിനും നികുതി ഇളവ് ലഭിക്കില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഒന്നര ലക്ഷമാണ് പരിധി. 80സിയില്‍ പറഞ്ഞ ഏതെങ്കിലും ഒരു പദ്ധതിയിലോ പല പദ്ധതികളിലായോ നിക്ഷേപിച്ച 1,50,000രൂപ മാത്രമെ കിഴിക്കുകയുള്ളൂ.
80സി വകുപ്പ് അനുസരിച്ച് നികുതിയിളവ് ലഭിക്കുന്നതാണ് ഇപിഎഫ് (Employment Provident Fund). പലര്‍ക്കും ഇപിഎഫ് ഉണ്ടാകും. അതില്‍ നിങ്ങള്‍ എത്ര തുക അടയ്‌ക്കുന്നുണ്ടെന്ന് കണക്കാക്കണം. അതിന് ശേഷമാണ് 80സിയില്‍ പ്രതിപാദിച്ച മറ്റ് പദ്ധതികളിലേക്ക് കടക്കേണ്ടത്.
പിപിഎഫ്, ഇല്‍എസ്എസ്, സ്ഥിര നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള നിക്ഷേപ പദ്ധതി, നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ 80സി വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കുന്നവയാണ്. ഇല്‍എസ്എസ് ഒഴിച്ച് ബാക്കിയെല്ലാം സുരക്ഷിതമായ പദ്ധതികളാണ്.
യുവാക്കള്‍ക്ക് ഇല്‍എസ്എസ് തെരഞ്ഞെടുക്കാവുന്നതാണ്(Equity-Based Savings Schemes). മൂന്ന് വര്‍ഷത്തെ ലോക്കിന്‍-പിരീഡ് ഇതിനുണ്ട്. ഈ പദ്ധതി മറ്റ് നിക്ഷേപ പദ്ധതികളേക്കാള്‍ ലാഭം നേടി തരുന്നുണ്ടെങ്കിലും ചിലപ്പോള്‍ നഷ്‌ടവും സംഭവിക്കും എന്നുള്ള കാര്യം ഓര്‍ക്കേണ്ടതാണ്. നിങ്ങള്‍ മധ്യവയസുള്ള ആളാണെങ്കില്‍ ഒരു നിശ്ചിത ശതമാനം ഇഎല്‍എസ്‌എസില്‍ മാറ്റിവെക്കുകയും ബാക്കിയുള്ളവ മറ്റ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നതുമാണ് ഉചിതം.
വിരമിക്കല്‍ പ്രായം അടുത്തെത്തിയവര്‍ നിക്ഷേപത്തിന്‍റെ അറുപത് ശതമാനം സുരക്ഷിത പദ്ധതികളിലാണ് നിക്ഷേപിക്കേണ്ടത്. നികുതിയില്‍ നിന്ന് ലാഭം മാത്രമല്ല, ഭാവിയിലെ നിങ്ങള്‍ സമ്പാദ്യത്തിനായി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന നിക്ഷേപ പദ്ധതികളും തെരഞ്ഞെടുക്കുക പ്രധാനമാണ്. വലിയ റിട്ടേണ്‍ നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയില്‍ നിന്ന് കിഴിവ് ലഭിക്കില്ലെങ്കിലും അത് നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കുമെന്ന കാര്യം മറക്കരുത്.