ബാങ്കോക്ക്: തായ്‌ലന്‍ഡിലെത്തിയ ഒരു ജാപ്പനീസ് വിനോദസഞ്ചാരി കടയില്‍ നിന്നും വാങ്ങിയ കഞ്ചാവ് എടുത്ത്, 'പഠിച്ചുവച്ചത്' ഓര്‍ത്തെടുത്ത് കൂളായി ചുരുട്ടി വലിക്കുന്നു. സെൻട്രൽ ബാങ്കോക്കില്‍ വച്ച്, ആരെയും കൂസാതെയാണ് ഇയാളുടെ വലി. ജപ്പാനിലായിരുന്ന, രണ്ടാഴ്‌ച മുന്‍പുവരെ അദ്ദേഹം ഒരുതവണ പോലും കഞ്ചാവ് പരീക്ഷിക്കാന്‍ മുതിര്‍ന്നിട്ടില്ല. ഈ ലഹരിയുടെ ഉപയോഗം മിക്ക ഏഷ്യൻ രാജ്യങ്ങളിലും എന്നപോലെ, കഠിനമായ ശിക്ഷ ലഭിക്കുന്ന ഏര്‍പ്പാടാണ് എന്നതുകൊണ്ടാണ് അദ്ദേഹം 'പുകപ്പരിപാടിയ്‌ക്ക്' ഒരിക്കല്‍പോലും ശ്രമിക്കാതിരുന്നത്.
'ഇല പരീക്ഷണം' നാട്ടിലറിഞ്ഞാല്‍ പൊല്ലാപ്പ്..!: കഴിഞ്ഞ വർഷമാണ് തായ്‌ലൻഡില്‍, കഞ്ചാവ് നിയമവിധേയമാക്കിയത്. അതുകൊണ്ടുതന്നെ ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ധാരാളം ടൂറിസ്റ്റുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഈ ലഹരി ഉപയോഗത്തിന് ശേഷം തനിക്ക് എന്ത് മാറ്റം തോന്നും എന്നതിനെക്കുറിച്ച് വലിയ ആകാംക്ഷയുണ്ടായിരുന്നെന്ന് 'കഥാനായകനായ' ജപ്പാന്‍ സ്വദേശി പറയുന്നു. പുറമെ, ബാങ്കോക്കിലെ തന്‍റെ 'പരീക്ഷണം', നാട്ടില്‍ നിയമപരമായ പൊല്ലാപ്പുകളുണ്ടാക്കിയേക്കുമോ എന്ന ഭയവും ഇയാള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ തന്‍റെ പേര് ഉപയോഗിക്കരുതെന്ന 'കരാറിലാണ്' അന്താരാഷ്‌ട്ര വാര്‍ത്താഏജന്‍സിയോട് 42കാരനായ ഈ ടൂറിസ്റ്റ് സംസാരിച്ചത്.
'ഇലക്കാര്യത്തില്‍' ജപ്പാന്‍ ടൂറിസ്റ്റിന് കുറച്ചുകൂടെ പറയാനുണ്ട്. അവ ഇങ്ങനെയാണ്: 'എന്തുകൊണ്ടാണ് കഞ്ചാവ് ജപ്പാൻ നിരോധിച്ചത് എന്ന കാര്യത്തില്‍ എനിക്ക് വലിയ അദ്‌ഭുതമുണ്ട്. എനിക്ക് ഇത് പരീക്ഷിക്കാൻ നേരത്തേ ആഗ്രഹമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള കൂടുതൽ രാജ്യങ്ങൾ കഞ്ചാവ് നിയമവിധേയമാക്കുന്ന സാഹചര്യമാണുള്ളത്. തായ്‌ലൻഡ് ഏഷ്യന്‍ രാജ്യമായിട്ടും ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. ചില രാജ്യങ്ങളിൽ കഞ്ചാവ് കേസില്‍പ്പെട്ടാന്‍ വലിയ ശിക്ഷയാണുള്ളത്. കഞ്ചാവ് കടത്തിയതിന് സിംഗപ്പൂർ ഈ വർഷം രണ്ടുപേരെ വധിച്ചിട്ടുണ്ട്. കൂടാതെ, തായ്‌ലൻഡിൽ നിന്നും വരുന്ന ആളുകളെ പല രാജ്യങ്ങളും വന്‍ തോതിലുള്ള പരിശോധനയ്‌ക്കാണ് വിധേയമാക്കുന്നത്' - ജപ്പാന്‍ ടൂറിസ്റ്റ് അന്താരാഷ്‌ട്ര വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
'അവിടെ ഇരുന്ന് വലിച്ചാല്‍, ഇവിടെ പണി പാളും': മയക്കുമരുന്ന് കേസുകളില്‍ ജപ്പാനിൽ വധശിക്ഷയില്ല. എന്നാൽ, ലഹരി ഉപയോഗം സംബന്ധിച്ചുള്ള നിയമങ്ങളില്‍ ചെറുതല്ലാത്തൊരു മാറ്റമുണ്ട്. വിദേശത്തായിരിക്കുമ്പോൾ പോലും ജപ്പാനിലെപൗരന്മാർക്ക് ഇത് ബാധകമാകുമെന്നാണ് അവിടുത്തെ നിയമം. അതായത്, തായ്‌ലന്‍ഡില്‍ ഇരുന്ന് പുകച്ച കാര്യം സ്വന്തം രാജ്യത്തെ അധികൃതര്‍ അറിഞ്ഞാല്‍ കേസും കൂട്ടവുമാകുമെന്ന് സാരം. ചൈനയിലും മറിച്ചല്ല സ്ഥിതി. വിനോദസഞ്ചാരികൾ വിദേശത്ത് കഞ്ചാവ് ഉപയോഗിക്കുകയും തിരിച്ചെത്തുമ്പോള്‍ ഇക്കാര്യം കണ്ടെത്തുകയും ചെയ്‌താല്‍ സ്വന്തം രാജ്യത്ത് ഉപയോഗിച്ചതുപോലെയുള്ള കേസായി മാറും. ഇക്കാര്യം ചൈന നേരേ ചൊവ്വേ യാത്രയ്‌ക്ക് മുന്‍പ് തന്നെ പൗരന്മാര്‍ക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യും.
ഇതുസംബന്ധിച്ച് തായ്‌ലൻഡിലെ ചൈനീസ് എംബസി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പിഴ അടക്കമുള്ള ശിക്ഷയാണ് ഈ കേസില്‍ ചൈന നല്‍കുക. അമേരിക്ക, കാനഡ, നെതർലൻഡ്‌സ് തുടങ്ങിയ കഞ്ചാവ് സുലഭമായി ലഭിക്കുന്ന മറ്റ് രാജ്യങ്ങളില്‍ അടക്കമുള്ള യാത്രയ്‌ക്കും സമാനമായ മുന്നറിയിപ്പാണുള്ളത്. ചൈനീസ് നഗരമായ ഷാങ്ഹായിൽ നിന്നുള്ള വിമാനത്തിലെ യാത്രക്കാര്‍ക്ക്, തായ്‌ലൻഡിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഒരു മുന്നറിയിപ്പ് കൊടുത്തിരുന്നു. തായ്‌ലന്‍ഡിലെ ചില ഭക്ഷണപാനീയങ്ങളിൽ കഞ്ചാവ് ഉൾപ്പെടുത്തുന്നുണ്ടെന്നും അബദ്ധവശാൽ പോലും ഇത് പരീക്ഷിക്കരുതെന്നുമായിരുന്നു ഈ മുന്നറിയിപ്പ്.
ഭക്ഷണ പാക്കറ്റില്‍ രേഖപ്പെടുത്തിയ 'ഇല'ച്ചിത്രം ശ്രദ്ധിക്കണമെന്നും തിരിച്ചെത്തിയാല്‍ പുലിവാലാകുമെന്നും നേരാംവണ്ണം മനസിലാക്കി കൊടുക്കുന്നതായിരുന്നു ആ അനൗണ്‍സ്‌മെന്‍റ്. ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പൗരന്മാരെ എന്തൊക്കെ തരത്തിലുള്ള പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നത് സംബന്ധിച്ച് ചൈനയോ സിംഗപ്പൂരോ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, വന്‍ തോതിലുള്ള പരിശോധന നടത്തുമെന്നതിലും പിടിക്കപ്പെട്ടാല്‍ 'വലിയ വില' കൊടുക്കേണ്ടി വരുമെന്നതിലും തര്‍ക്കമില്ല.