ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം(2022-23) ഇതുവരെ പ്രത്യക്ഷ നികുതി ഇനത്തില്‍ 15.67 ലക്ഷം കോടി രൂപ വരുമാനം ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇത്. റീഫണ്ട് കിഴിച്ച് അറ്റ പ്രത്യക്ഷ നികുതി വരുമാനം 12.98 ലക്ഷം കോടി രൂപയാണ്.
ഇത് വളര്‍ച്ചനിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 18.40 ശതമാനത്തിന്‍റെ വര്‍ധനവാണ്. പ്രത്യക്ഷ നികുതി ഇനത്തില്‍ റിവൈസ്‌ഡ് എസ്‌റ്റിമേറ്റിന്‍റെ 79 ശതമാനം ലഭിച്ചെന്ന് സിബിഡിടി( Central Board of Direct Taxes) അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍(2022-23) പ്രത്യക്ഷ നികുതിയില്‍ നിന്നുള്ള വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി 17 ശതമാനം വര്‍ധിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. 2021-22 സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതിയില്‍ നിന്നുള്ള വരുമാനം 14.08 ലക്ഷം കോടി രൂപയായിരുന്നു.
ഏപ്രില്‍ മുതല്‍ ഫെബ്രുവരി 10 വരെ കോര്‍പ്പറേറ്റ് ആദായ നികുതി 19.33 ശതമാനവും വ്യക്തിഗത ആദായ നികുതി 29.63 ശതമാനവും വര്‍ധിച്ചു. റീഫണ്ടിലെ കിഴിവ് വരുത്തി അറ്റ കോര്‍പ്പറേറ്റ് ആദായ നികുതി വരുമാനത്തില്‍ 15.84 ശതമാനവും വ്യക്തിഗത ആദായ നികുതി 21.23 ശതമാനവുമാണ് വര്‍ധിച്ചത്.
ഏപ്രില്‍ 1 2022 മുതല്‍ ഫെബ്രുവരി 10 2023 വരെ 2.69 ലക്ഷം കോടി റീഫണ്ടാണ് നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇത് 61.58 ശതമാനം കൂടുതലാണ് .