കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോഡിലെത്തി. 46760 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ (02.12.23) വില. ഒരു പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5845 രൂപയും ഒരു പവന് 46760 രൂപയുമായി സ്വർണ വില കുതിച്ചുയർന്നു.
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയരുകയായിരുന്നു. കഴിഞ്ഞ മുപ്പതാം തിയതി പവന് 180 രൂപ കുറഞ്ഞിരുന്നു. തുടർന്ന് ഇന്നലെയും ഇന്നുമായി പവന് 760 രൂപയുടെ വർധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരാൻ ഇടയായത്.
ഇസ്രായേൽ -ഹമാസ് യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തെയും വിലയിൽ വർധനവുണ്ടായത്. പശ്ചിമേഷ്യയിലെ വെടി നിർത്തൽ അവസാനിച്ചതും സ്വർണ വില വീണ്ടും ഉയരാൻ കാരണമായി. ചൈനയിൽ ന്യുമോണിയ രോഗം പകരുന്നുവെന്ന വാർത്തകൾ പരന്നത് സ്വർണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
നേരത്തെ റഷ്യ, യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ചുയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ വിലയുടെ കാര്യത്തിൽ വർധനവ് തുടരനാണ് സാധ്യത. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 1800 രൂപയുടെ വർധനവാണ് സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്.