ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം ഹൈദരാബാദിലെ ബേഗംപേട്ടിൽ ഉദ്ഘാടനം ചെയ്‌തു. അശോക് രഘുപതി ചേംബറിലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഗോൾഡ് സിക്ക ലിമിറ്റഡിന്‍റെ ഓഫിസിലാണ് എടിഎം സ്ഥാപിച്ചിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സ്വർണ നാണയങ്ങൾ എടിഎമ്മിലൂടെ എടുക്കാം.
തെലങ്കാന വനിത കമ്മീഷൻ ചെയർപേഴ്‌സൺ സുനിത ലക്ഷ്‌മറെഡ്ഡിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സാങ്കേതികവിദ്യയുടെ വളർച്ചയെന്ന് ചെയർപേഴ്‌സൺ എടിഎമ്മിനെ വിശേഷിപ്പിച്ചു. 99.99 ശതമാനം പരിശുദ്ധിയുള്ള 0.5, 1, 2, 5, 10, 20, 50, 100 ഗ്രാം സ്വർണ നാണയങ്ങൾ എടിഎമ്മിലൂടെ എടുക്കാനാകുമെന്ന് ഗോൾഡ് സിക്ക സിഇഒ സയ്യിദ് തരൂജ് പറഞ്ഞു.
സ്വർണ നാണയങ്ങൾക്കൊപ്പം അവയുടെ ഗുണനിലവാരവും ഗ്യാരണ്ടിയും വ്യക്തമാക്കുന്ന രേഖകളും നൽകും. നഗരത്തിലെ ഗുൽസാർഹൗസ്, സെക്കന്തരാബാദ്, ആബിഡ്‌സ്, പെദ്ദപ്പള്ളി, വാറങ്കൽ, കരിംനഗർ എന്നിവിടങ്ങളിലും സ്വർണ എടിഎമ്മുകൾ ഉടൻ തുറക്കും. എടിഎം സ്‌ക്രീനിൽ ഇടയ്‌ക്കിടെ സ്വർണവില ദൃശ്യമാകുമെന്നാണ് വിവരം.