എറണാകുളം: കാലാവസ്ഥ പ്രതികൂലമായതോടെ ഓണ വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിൽ പുക്കെളെത്തിച്ച പൂക്കച്ചവടക്കാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ പലരുടെയും പൂക്കൾ ഒലിച്ച് പോവുകയും കച്ചവടം മുടങ്ങുകയും ചെയ്‌തു. കഴിഞ്ഞ രണ്ട് വർഷവും കൊവിഡിനെ തുടർന്ന് ഓണത്തിന് പൂക്കച്ചവടം നടന്നിരുന്നില്ല.
ഇത്തവണ കച്ചവടം പൊടിപൊടിക്കുമെന്ന് കരുതിയെങ്കിലും മഴ വില്ലനാവുകയായിരുന്നു. എറണാകുളം ടൗൺഹാളിൽ കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വലിയ തുക വാടക നൽകി പൂക്കച്ചവടം നടത്തുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. മഴയും വെള്ളക്കെട്ടും കാരണം രണ്ട് ദിവസം പൂ വാങ്ങാൻ ആരുമെത്തിയിട്ടില്ലെന്ന് പൂക്കച്ചവടക്കാർ പറയുന്നു.
ഓഗസ്റ്റ് 31 മുതലാണ് പൂ വിപണിയിൽ ഉണർവ് പ്രകടമായത്. വരുന്ന മൂന്ന് ദിവസങ്ങളിലാണ് പ്രതീക്ഷയെന്ന് എറണാകുളം ടൗൺഹാളിൽ പൂ വിൽപ്പന നടത്തുന്ന വിജയാനന്ദ് പറഞ്ഞു. വില കൂടിയതിനാൽ ആളുകൾ പൂ വാങ്ങുന്ന അളവ് കുറച്ചു.
മത്സരങ്ങൾക്കും മറ്റുമായി സ്‌കൂളുകളിൽ നിന്നും ഓഫിസുകളിൽ നിന്നും പൂ വാങ്ങാൻ ആളുകളെത്തുന്നുണ്ട്. എന്നാൽ, പ്രതീക്ഷിച്ച രീതിയിൽ തിരക്കില്ലെന്നും വ്യാപാരികൾ പറഞ്ഞു. ഗണേശോത്സവം നടക്കുന്ന സമയം കൂടിയായതിനാൽ തമിഴ്‌നാട്ടിൽ നിന്നും, കർണ്ണാടകയിൽ നിന്നും എത്തുന്ന പൂവരവ് കുറഞ്ഞിരിക്കുകയാണ്.
ഇതര സംസ്ഥാനങ്ങളിൽ പൂവിന് ആവശ്യക്കാരേറിയതോടെ പൂവിലയും ഉയർന്നു. സ്വന്തം നിലയിൽ തമിഴ്‌നാട്ടിൽ നിന്ന് പൂക്കളെത്തിക്കുമ്പോൾ മഴയെ തുടർന്ന് പൂ കേടാവുന്ന സാഹചര്യവും കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. പൂക്കൾ പോലെ മനോഹരമല്ല ഇത്തവണത്തെ പൂ വിപണനമെന്നാണ് കച്ചവടക്കാർ വ്യക്തമാക്കുന്നത്.
വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം കൂടി വന്നതോടെ ഉള്ള പൂക്കൾ വിറ്റഴിച്ച് നഷ്‌ടമെങ്കിലും ഒഴിവാക്കാമെന്ന ചിന്തയിലാണ് കച്ചവടക്കാരുള്ളത്.