വാഷിങ്ടണ്‍ : വ്യാജ അക്കൗണ്ടുകള്‍ മൊത്തം ട്വിറ്റര്‍ ഉപയോക്താക്കളുടെ അഞ്ച് ശതമാനത്തില്‍ കുറവ് മാത്രമാണെന്ന് തെളിയിച്ചാല്‍ മാത്രമേ 44 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയുള്ളൂവെന്ന് ഇലോണ്‍ മസ്‌ക്. ബോട്ട് അക്കൗണ്ടുകള്‍ കൂടുതലാണെങ്കില്‍ 44 ബില്യണ്‍ അമേരിക്കന്‍ ഡോളറിലും കുറവ് തുകയ്‌ക്കേ ട്വിറ്റര്‍ വാങ്ങുകയുള്ളൂ എന്ന സൂചനയാണ് ഇലോണ്‍ മസ്‌ക് നല്‍കുന്നത്.
ട്വിറ്ററിന് 44 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ എന്ന് താന്‍ വില നിശ്ചയിച്ചത് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് കമ്മിഷനില്‍ ട്വിറ്റര്‍ സമര്‍പ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റു ചെയ്‌തു. മനുഷ്യര്‍ അല്ലാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാല്‍ നിയന്ത്രിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലുകളാണ് ബോട്ടുകള്‍. ഇത്തരം അക്കൗണ്ടുകള്‍ 5 ശതമാനത്തില്‍ കുറവാണെന്ന് പരസ്യമായി തെളിയിക്കാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിക്കുകയാണ് ചെയ്‌തതെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു.
എന്നാല്‍ ട്വിറ്റര്‍ സിഇഒ ഇത് പരസ്യമായി തെളിയിക്കാതെ താന്‍ ട്വിറ്ററുമായി ഉണ്ടാക്കിയ കരാറുമായി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ട്വിറ്ററിന്‍റെ ഉപയോക്താക്കളില്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും ബോട്ട് അക്കൗണ്ടുകളാണെന്നാണ് താന്‍ സംശയിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.
ട്വിറ്ററിന് ഇല്ലാത്ത വില നല്‍കാന്‍ തയ്യാറല്ല : ട്വിറ്റര്‍ അവകാശപ്പെടുന്നതിനേക്കാള്‍ മോശമായ ഒന്നിന് അതേവില തന്നെ നല്‍കാന്‍ പറ്റില്ലെന്നാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്. ട്വിറ്ററിനെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ആശങ്കകളാണ് തനിക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ പറയുന്നത് ബോട്ട് അക്കൗണ്ടുകള്‍ എത്രയാണെന്ന് കണക്കാക്കാനുള്ള രീതിശാസ്ത്രം അവര്‍ക്ക് മാത്രം മനസിലാവുന്ന വളരെ സങ്കീര്‍ണമായ കാര്യമാണെന്നാണ്. ഇത് താന്‍ അംഗീകരിക്കുന്നില്ലെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.
ആശങ്കയോടെ നിക്ഷേപകര്‍ : കഴിഞ്ഞ തിങ്കളാഴ്‌ച ട്വിറ്റര്‍ ഓഹരി മൂല്യം എട്ട് ശതമാനം ഇടിഞ്ഞ് 37.39 അമേരിക്കന്‍ ഡോളറിലാണ് എത്തിയത്. പ്രഖ്യാപിച്ച 44 ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കിക്കൊണ്ട് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നതില്‍ നിക്ഷേപകര്‍ക്കുള്ള സംശയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബോട്ട് ആക്കൗണ്ടുകള്‍ 5 ശതമാനത്തില്‍ താഴെയാണെന്നാണ് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ തിങ്കളാഴ്ച(16.05.2022) ട്വീറ്റ് ചെയ്‌തത്. ഇലോണ്‍ മസ്‌കിന്‍റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു പരാഗ് അഗര്‍വാള്‍.
ALSO READ: ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കി: കരാര്‍ ഒപ്പ് വച്ചത് 3.67 ലക്ഷം കോടി രൂപയ്ക്ക്
എന്നാല്‍ ഈ കണക്ക് പരസ്യമായി പുനരാവിഷ്‌കരിക്കാന്‍ കഴിയില്ല എന്നാണ് ട്വിറ്റര്‍ സിഇഒ പറയുന്നത്. കാരണം ഇങ്ങനെ ചെയ്യുമ്പോള്‍ പരസ്യമായ വിവരങ്ങള്‍ മാത്രമല്ല സ്വകാര്യ വിവരങ്ങളും ഉപയോഗപ്പെടുത്തേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദത്തെ മസ്‌ക് തള്ളുന്നു.
എത്ര ഉപയോക്താക്കളാണ് ട്വിറ്ററിന് യഥാര്‍ഥത്തില്‍ ഉള്ളത് എന്ന് മനസിലാവാതെ എങ്ങനെയാണ് ട്വിറ്ററിന് പരസ്യം നല്‍കുന്നവര്‍ അവര്‍ ചിലവാക്കിയ പണത്തിന് തുല്യമായ ഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയെന്ന് ഇലോണ്‍ മസ്‌ക് ചോദിക്കുന്നു. ട്വിറ്ററിന്‍റെ സാമ്പത്തിക ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ് അതിന് എത്ര ഉപയോക്താക്കള്‍ ഉണ്ടെന്ന് മനസിലാക്കല്‍ എന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഗവേഷകര്‍ കണക്കാക്കുന്നത് ട്വിറ്റര്‍ പ്രൊഫൈലുകളില്‍ 9 മുതല്‍ 15 ശതമാനം വരെ ബോട്ടുകളാണെന്നാണ്.