തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക വളർച്ച വർധിച്ചതായി ഈ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 12.1 ശതമാനമാണ് സംസ്ഥാനത്തെ സാമ്പത്തിക വളർച്ച. 2012-2013 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
സംസ്ഥാനത്ത് നടപ്പിലാക്കിയ ഉത്തേജക പാക്കേജുകൾ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ സഹായിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റവന്യു കമ്മിറ്റിയും ആഭ്യന്തര ഉത്പാദനവും തമ്മിൽ അനുപാതം 4.1% ആയി കുറഞ്ഞു. 2023ൽ ഇത് 3.91യായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ വരുമാനത്തിലും വർധനയുണ്ടായിട്ടുണ്ട്. 12.86 ശതമാനമായാണ് റവന്യൂ വരുമാനം വർധിച്ചത്. കാർഷിക മേഖലയിൽ വളർച്ചയുണ്ടായിട്ടുണ്ട്. കൃഷി അനുബന്ധ മേഖലകളിലെ വളർച്ച 4.64% ആയി വർധിച്ചു.
കേന്ദ്രവിഹിതവും ഗ്രാന്‍റും കുറഞ്ഞതായും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്ര വിഹിതത്തിലും ഗ്രാൻഡിലും 0.82%മാണ് കുറവുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തിൻ്റെ പൊതുകടം കൂടി: സംസ്ഥാനത്തിന്‍റെ പൊതുകടം 2.10 ലക്ഷം കോടി രൂപയായി. 20-21ൽ പൊതുകടം 1.90 ലക്ഷം കോടിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി തുടർന്നേക്കാമെന്നാണ് അവലോകന റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്രനയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും ആരോപണമുണ്ട്. സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പ പൊതുകടത്തിൽ ഉൾപ്പെടുത്തിയതും പ്രശ്‌നമായി. മൂലധന ചെലവ് 15,438 കോടിയിൽ നിന്ന് 17,046 കോടിയായി ഉയർന്നു.
സാമ്പത്തിക അവലോകനം 2022, സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ വെബ്‌സൈറ്റായ https://spb.kerala.gov.in ലഭ്യമാണ്.