ന്യൂഡല്‍ഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം സെപ്റ്റംബറിലെ 7.41 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 6.77 ശതമാനമായി കുറഞ്ഞു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാനമാക്കി ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചില്ലറ പണപ്പെരുപ്പം ഭക്ഷ്യവിലപ്പെരുപ്പം ഇടിയാന്‍ കാരണമായിട്ടുണ്ടെന്നും, വിലക്കയറ്റം തടയാനുള്ള സര്‍ക്കാര്‍ നടപടികളുടെ ആഘാതം വരും മാസങ്ങള്‍ മുതല്‍ അനുഭവപ്പെട്ട് തുടങ്ങുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ, ഇരുമ്പയിര്, സ്റ്റീൽ തുടങ്ങിയ ഉത്‌പന്നങ്ങളുടെ വില കുറഞ്ഞതും ആഭ്യന്തര വിതരണം വർധിപ്പിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ഉപഭോക്തൃ ഇനങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിച്ചു. ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞതാണ് ചില്ലറ വിലക്കയറ്റം ഗണ്യമായി കുറയാൻ കാരണമായത്. പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണകൾ, കൊഴുപ്പുകൾ എന്നിവയുടെ വിലയിലുണ്ടായ ഇടിവ് ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചുവെന്നും ധനമന്ത്രാലയം അറിയിച്ചു.
ഭക്ഷ്യ എണ്ണകളുടെയും പയറുവർഗങ്ങളുടെയും വില മയപ്പെടുത്താനും ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ താരിഫ് കാലാകാലങ്ങളിൽ യുക്തിസഹമാക്കിയിട്ടുണ്ട്. ഇത് പൂഴ്ത്തിവയ്പ്പ് ഒഴിവാക്കുന്നതിനായി ഭക്ഷ്യ എണ്ണകളുടെ സ്റ്റോക്ക് പരിധികൾ നിലനിർത്തുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ആഭ്യന്തര വിതരണം സുസ്ഥിരമായി നിലനിർത്തുന്നതിനും വിലക്കയറ്റം തടയുന്നതിനുമായി ഗോതമ്പ്, അരി എന്നിവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.