വാഷിങ്‌ടൺ: ഇന്ത്യയുടെ സ്വന്തം റൂപെ കാർഡ് കൂടുതൽ രാജ്യങ്ങളിൽ അവതരിപ്പിക്കാൻ നീക്കവുമായി ധനമന്ത്രി നിർമല സീതാരാമൻ. റൂപെ കാർഡിന് അംഗീകാരം നൽകുന്നതിന് വിവിധ രാജ്യങ്ങളുമായി ചർച്ച നടക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. നിലവിൽ യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്), ഭീം ആപ്പ്, എൻസിപിഐ (നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) എന്നിവയെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നത് അതാത് രാജ്യങ്ങളിലെ സംവിധാനത്തിന് കീഴിലാണ്.
റൂപെ വരുന്നതോടെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കാണ് പ്രയോജനമെന്നും ധനമന്ത്രി പറഞ്ഞു. നിരവധി രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി. നിലവിൽ സിംഗപ്പൂരും യുഎഇയും റുപേ നടപ്പിലാക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു. പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ഈശ്വർ പ്രസാദുമായി നടത്തിയ സംവാദത്തിനിടെയാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്.
എന്താണ് റൂപെ കാർഡ്: റൂപെ കാർഡ് എന്നാൽ മാസ്‌റ്റർ കാർഡ്, വിസ തുടങ്ങിയവയ്ക്ക് പകരമുള്ളതാണ്. പണമിടപാടുകൾക്ക് മാസ്‌റ്റർ, വിസ കാർഡുകളെക്കാൾ നിരക്ക് വളരെ കുറവാണ്. സാധാരണ ഡെബിറ്റ് കാർഡ് പോലെ എടിഎം, പി.ഒഎസ് ഓൺലൈൻ വ്യാപാരം എന്നീ ആവശ്യങ്ങൾക്കും റൂപെ കാർഡ് ഉപയോഗിക്കാം.
2012-ൽ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്‌മെന്‍റ് കോർപ്പറേഷനാണ് റുപെ കാർഡ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം റുപെ കാർഡ് അനുവദിക്കുന്നുണ്ട്.
പ്രവാസികൾക്ക് സഹായകരം: റൂപെ കാർഡ് വരുന്നതോടെ രൂപയ്ക്ക് ഏറ്റവും മികച്ച വിനിമയ മൂല്യം ലഭിക്കും എന്നതാണ് പ്രധാന കാര്യം. വിവിധ രാജ്യങ്ങളുടെ കറൻസി ഇന്ത്യൻ രൂപയിലേക്ക് മാറ്റിയെടുക്കുമ്പോൾ നൽകേണ്ട പ്രോസസിങ് ഫീസ് കുറവാണ്. അത് പ്രവാസികൾക്ക് ഗുണകരമാകും. അതുപോലെ വിസ, മാസ്‌റ്റർ കാർഡുകൾ പോലെ റുപേ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതിനാൽ കടകളിലുമെല്ലാം നൽകാം.