കോട്ടയം : കണ്ടം ചെയ്‌ത കെഎസ്ആർടിസി ബസുകൾ കടകളാക്കി മാറ്റുന്നതിനുള്ള സർക്കാർ പദ്ധതിയായ 'ഷോപ് ഓൺ വീൽ' സൂപ്പർമാർക്കറ്റ് സംരംഭവുമായി കൈകോർത്ത് ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മ. കോട്ടയം പാമ്പാടിയിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മയായ ഡാപ്‌കോയാണ് കട തുടങ്ങാൻ കെഎസ്ആർടിസി ബസ് വാങ്ങി പണികൾ നടത്തിവരുന്നത്.
കോട്ടയം പാല ഡിപ്പോയിൽ നിന്നാണ് സംഘടന കെഎസ്ആർടിസി ബസ് വാങ്ങിയത്. പാലാ കെഎസ്ആർടിസി സ്റ്റാൻഡിനോട് ചേർന്നാകും കട പ്രവർത്തിക്കുക. പാലാ, ചങ്ങനാശ്ശേരി ഡിപ്പോകളിൽ നിന്ന് ഓരോ ബസ് വീതമാണ് സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പാലാ ഡിപ്പോയിൽ നിന്ന് മാത്രമാണ് ബസ് കിട്ടിയത്. ഈ ബസ് കടയാക്കി മാറ്റുന്നതിന് പണികൾ നടക്കുകയാണ്.
ഒരു ലക്ഷം രൂപ സെക്യൂരിറ്റിയായി നൽകിയാണ് ബസ് ഏറ്റെടുത്തത്. മാസം 20000 രൂപയും 18 ശതമാനം ജിഎസ്‌ടിയും വാടകയായി നൽകണം. ബസ് സൂപ്പർമാർക്കറ്റാക്കാൻ 2 ലക്ഷം രൂപയാണ് ചെലവ് വരുന്നതെന്ന് ഡാപ്‌കോ സെക്രട്ടറി എം.സി സ്‌കറിയ പറഞ്ഞു. എത്രയും വേഗം പണികൾ പൂർത്തിയാക്കി കട തുടങ്ങാനാണ് കൂട്ടായ്‌മയുടെ ശ്രമം.