ഫാസ്‌റ്റ് ഫുഡും മാറുന്ന ശീലങ്ങളും കാരണം ജീവിതശൈലി രോഗങ്ങളുടെ പട്ടിക വർധിച്ചുവരുന്നു. ഹൃദയസ്‌തംഭനം, കാൻസർ, പക്ഷാഘാതം, കരൾ, കിഡ്‌നി എന്നിവ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ മൂലം ചികിത്സ തേടുന്നവരും ഇന്നത്തെ കാലത്ത് കുറവല്ല. ഇത്തരം നിർണായക രോഗങ്ങൾക്ക് വലിയ ചികിത്സ ചെലവാണ് ഓരോ ആശുപത്രികളും രോഗികളിൽ നിന്ന് ഈടാക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സാധാരണ ഹെൽത്ത് പോളിസികൾ ചെറിയ ചികിത്സയ്‌ക്ക് മാത്രമേ ഉപകരിക്കൂ.
ക്രിട്ടിക്കൽ ഇൽനസ് പോളിസി: വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർക്ക് ക്രിട്ടിക്കൽ ഇൽനസ് പോളിസികൾ (critical illness policies) അനിവാര്യമാണ്. ക്രിട്ടിക്കൽ ഇൽനസ് പോളിസികൾ എടുത്തിട്ടുള്ള ഉപഭോക്താവിന് വിട്ടുമാറാത്ത രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ കമ്പനികൾ ഒറ്റത്തവണയായി അവർക്ക് നഷ്‌ടപരിഹാരം നൽകും. ക്രിട്ടിക്കൽ കെയർ ഹെൽത്ത് പോളിസികൾക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ തുക ഏകദേശം അഞ്ച് ലക്ഷം രൂപ വരെയാണ്.
ഇത്രയും തുക ഒരു വ്യക്തി ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമുള്ള ഒട്ടുമിക്ക ചെലവുകളും താങ്ങാൻ സഹായിക്കും. കാൻസർ, ഹൃദയ ശസ്‌ത്രക്രിയകൾ, ന്യൂറോ ഡിസെബിലിറ്റീസ്, പക്ഷാഘാതം, അന്ധത, ബധിരത, കരൾ, തലച്ചേറ്, ശ്വാസകോശം, കിഡ്‌നി സംബന്ധമായ രോഗങ്ങൾക്ക് നാല് തരത്തിലുള്ള ക്രിട്ടിക്കൽ ഇൽനസ് പോളിസികളാണ് കമ്പനികൾ നൽകുന്നത്. പോളിസി ഉടമകൾക്ക് ഈ പോളിസികൾക്ക് കീഴിൽ 100 ശതമാനം ക്ലെയിം ചെയ്യാം.
ഈടാക്കാം മുഴുവൻ ചികിത്സ ചെലവും: സാധാരണ ആരോഗ്യ പോളിസികൾ ചികിത്സ ബില്ലുകൾ മാത്രമേ നൽകുന്നുള്ളൂ, എന്നാൽ ക്രിട്ടിക്കൽ കെയർ ക്രോണിക് രോഗങ്ങളുടെ നാല് വിഭാഗങ്ങളിൽ ഓരോന്നിനും 100 ശതമാനം ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്നു. അങ്ങനെ, ഹൃദയം, കാൻസർ, ന്യൂറോ, കരൾ എന്നിവയുമായി ബന്ധപ്പെട്ട നാല് ക്രിട്ടിക്കൽ കെയർ വിഭാഗങ്ങൾക്ക് കീഴിൽ ഒരു പോളിസി ഉടമയ്‌ക്ക് ഏകദേശം 400 ശതമാനം ജോയിന്‍റ് കവറേജ് ലഭിക്കും.
കുറഞ്ഞ സമയത്തിവുള്ളിൽ നഷ്‌ടപരിഹാരം: ക്രിട്ടിക്കൽ കെയർ പോളിസികൾക്ക് കാത്തിരിപ്പ് കാലയളവ് കുറവാണ്. പല കമ്പനികളും പോളിസി എടുത്ത് 90 ദിവസത്തിന് ശേഷം നാല് വിഭാഗങ്ങളിലെയും ഗുരുതരമായ രോഗങ്ങൾക്ക് പരിരക്ഷ നൽകുന്നു. എന്നാൽ മയക്കുമരുന്ന്, മദ്യപാനം എന്നിവയ്‌ക്ക് പരിരക്ഷ ലഭിക്കില്ല.
ക്രിട്ടിക്കൽ ഇൽനസ് പോളിസി ആർക്കൊക്കെ? കുടുംബത്തിൽ വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമുള്ളവർക്ക് ക്രിട്ടിക്കൽ കെയർ പോളിസി നിർബന്ധമാണ്. സമ്മർദമുളള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർക്കും കൃത്യമായ ജീവിതശൈലി തുടരാത്തവർക്കും ഇത് ആവശ്യമാണ്. ചികിത്സയ്‌ക്ക് ശേഷം വീണ്ടും രോഗം ഉണ്ടാകുക അല്ലെങ്കിൽ അനുബന്ധ രോഗങ്ങൾ ഉണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളിൽ ക്രിട്ടിക്കൽ കെയർ പോളിസികൾ ചെലവുകൾ നിറവേറ്റാൻ സഹായിക്കും.