സ്വപ്‌ന ഭവനം നിര്‍മിക്കാനുള്ള വായ്‌പയ്‌ക്കായി ആകുലതയോടെ ശ്രമിക്കുന്നവര്‍ നിരവധിയുണ്ട് നമുക്കിടയില്‍. എന്നാല്‍, സാമ്പത്തിക അച്ചടക്കം പാലിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ആകുലതകള്‍ക്ക് വിട പറയാം. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വായ്‌പയ്‌ക്ക് വേണ്ടിയുള്ള ശ്രമം പകുതി വിജയിച്ചു എന്നര്‍ഥം. എന്താണ് ക്രെഡിറ്റ് സ്‌കോര്‍ എന്നും ഇത് നേടിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നും കൂടുതല്‍ അറിയാം.
വളരെ ലളിതമായി പറഞ്ഞാല്‍ വായ്‌പ എടുക്കാനുള്ള ആളുകളുടെ യോഗ്യതയെ തീരുമാനിക്കുന്നതാണ് ക്രെഡിറ്റ് സ്‌കോര്‍. 300 മുതൽ 900 വരെ സ്‌കോറുള്ള ആളാണ് നിങ്ങളെങ്കില്‍ വായ്‌പ തിരിച്ചടക്കാനുള്ള ശേഷി തെളിയിക്കുന്നതാണ് അത്. മുന്‍പ് വായ്‌പ കൈപ്പറ്റിയതില്‍ വീഴ്‌ച സംഭവിക്കാതെ തിരിച്ചടച്ചതിന്‍റെ തെളിവെന്ന് ചുരുക്കം. ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെയെന്ന് നോക്കി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഒറ്റനോട്ടത്തിൽ വായ്‌പയ്‌ക്കായി സമീപിച്ചവരെ എളുപ്പത്തില്‍ മനസിലാക്കാം. അതുകൊണ്ടുതന്നെ ആവശ്യമായ വായ്‌പ മുഴുവനും ലഭിക്കാന്‍ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.
തിരിച്ചടവിലെ കൃത്യത മുഖ്യം..!: മുന്‍പ് സൂചിപ്പിച്ചതുപോലെ തിരിച്ചടവ് തെറ്റരുത്. തിരിച്ചടവ്, അവസാന തിയതിക്ക് മുന്‍പ് അടയ്‌ക്കണം. കാലതാമസം വരുത്തിയാല്‍ പ്രതികൂലമായി ബാധിക്കും. പുറമെ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതില്‍ പരിധി കടക്കാതെ സൂക്ഷിക്കുക. ഒരിക്കലും, 30 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കരുതെന്ന് സാരം. ക്രെഡിറ്റ് കാർഡ് വഴി ഉയര്‍ന്ന തോതില്‍ പണം ചെലവഴിച്ചുകഴിഞ്ഞാൽ, ലോണിനെ ആശ്രയിച്ചാണ് നിങ്ങള്‍ കഴിയുന്നതെന്ന നിഗമനത്തില്‍ ധനകാര്യ സ്ഥാപനങ്ങളെത്തും. അത് ക്രെഡിറ്റ് സ്‌കോര്‍ കുറയ്‌ക്കുന്നതിലേക്ക് വഴിവയ്‌ക്കുമെന്ന് സാരം. ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടയ്‌ക്കുന്നതില്‍ കാലതാമസം വരുത്താതെ നോക്കേണ്ടത് നിര്‍ബന്ധമാണ്.
'സീറോ കൊളാറ്ററൽ' ലോണിലുമുണ്ട് പ്രശ്‌നം: ഈടുവയ്‌ക്കാതെ വായ്‌പ എടുക്കുന്നതിനെയാണ് സീറോ കൊളാറ്ററൽ ലോണ്‍ (Zero Collateral Loans) എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ലോണുകള്‍ക്ക് പിന്നാലെ പോവുന്നത് പതിവാണെങ്കിലും അതും നമ്മളെ പെടുത്തും. ജാമ്യാധിഷ്‌ഠിത വായ്‌പകള്‍ എടുക്കുന്നതിലൂടെ സ്കോർ മെച്ചപ്പെടുത്താന്‍ കഴിയും. നമ്മള്‍ ഈടുകൾ നൽകിയാണ് വായ്‌പ എടുക്കുന്നതെങ്കില്‍ തിരിച്ചടയ്‌ക്കാനുള്ള ശേഷിയേയാണ് അത് വ്യക്തമാക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നമ്മളില്‍ ആത്മവിശ്വാസമുണ്ടാക്കും എന്ന് ചുരുക്കം. അതുകൊണ്ട് ഈടുള്ളതും ഇല്ലാത്തതുമായ വായ്‌പകളെടുക്കുന്നതാണ് ഉത്തമം.
ബാങ്കിന്‍റെ ചതിയോട് പറയണം 'കടക്ക് പുറത്ത്': ബാങ്കിലെ ക്രെഡിറ്റ് റിപ്പോർട്ടുകളില്‍ എന്തെങ്കിലും അപാകതയുണ്ടോന്ന് ഇടയ്‌ക്ക് പരിശോധിക്കുന്നത് നല്ലതാണ്. നമ്മുടെ അറിവിലല്ലാതെ സ്വന്തം അക്കൗണ്ടുകളില്‍ നിന്നും ലോണുകളോ ക്രെഡിറ്റ് കാർഡുകളോ നൽകിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം. പുറമെ, തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് റിപ്പോർട്ടിൽ ഇല്ല എന്ന് നോക്കണം. മറിച്ചെങ്കില്‍ അത് തിരുത്താന്‍ വേണ്ടി ബാങ്കിനെ സമീപിക്കണം.
ആ 'ധാരണങ്ങള്‍' മാറ്റണം: ക്രെഡിറ്റ് സ്കോറിനെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ആളുകള്‍ക്കുണ്ട്. അവയില്‍ പ്രധാനമാണ് ക്രെഡിറ്റ് റിപ്പോർട്ട്, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും മാത്രമേ പരിശോധിക്കൂ എന്നത്. ഇങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ മറന്നേക്കൂ. ഇൻഷുറൻസ് കമ്പനികള്‍ തുടങ്ങി മൊബൈൽ ഫോൺ കമ്പനികൾ പോലും ഈ റിപ്പോർട്ടുകൾ പരിശോധിക്കുമെന്നാണ് വാസ്‌തവം. ജോലിയ്‌ക്ക് നിയമനം നടത്തുന്ന സമയത്ത് ചില സ്ഥാപനങ്ങളും മാനേജ്മെന്‍റുകളും ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കാറുണ്ട്.
ഇടയ്‌ക്കിടെ പരിശോധിച്ചാല്‍ വല്ല പ്രശ്‌നവും?: ക്രെഡിറ്റ് റിപ്പോർട്ടുകൾ പതിവായി പരിശോധിച്ചാല്‍ വല്ല പ്രശ്‌നവുമുണ്ടോ എന്നത് പലരുടെയും സംശയമാണ്. പേടിക്കേണ്ട, ഈ ശീലം നിങ്ങളുടെ സ്‌കോറിനെ ബാധിക്കില്ല. സാമ്പത്തിക കാര്യത്തില്‍ ചില നിയന്ത്രണം നിലനിർത്താൻ ഇത് നമ്മളെ സഹായിക്കും എന്നതിനാല്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ ഒരു വിമുഖത കാണിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിയമപ്രകാരം എല്ലാ വർഷവും ഒരിക്കലെങ്കിലും ക്രെഡിറ്റ് ബ്യൂറോയിൽ നിന്ന് സൗജന്യമായി ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കാൻ ഇടപാടുകാരന് യോഗ്യതയുണ്ട്.
വരുമാനക്കുറവ് ഒരു വിഷയമാണോ..?: നിങ്ങളുടെ വരുമാന വിശദാംശങ്ങൾ ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കില്ല. വരുമാനം കുറവെങ്കില്‍ വിഷമിക്കേണ്ടതില്ലെന്ന് സാരം. നല്ല ക്രെഡിറ്റ് സ്കോർ നിങ്ങള്‍ക്കുണ്ടെങ്കില്‍ പലിശ നിരക്കിൽ ചെറിയ ഇളവുകള്‍ ബാങ്കുകള്‍ നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ ഭവനവായ്‌പ നേടിയെടുക്കാന്‍ എല്ലാ തെറ്റിദ്ധാരണകളും മാറ്റിവയ്‌ക്കണം. എന്നിട്ട്, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുതന്നെയാണ് പ്രധാനം.