അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാറിന്‍റെ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ നേരിട്ട് എത്തിക്കുന്നതിനായി രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് ജൻധൻ-ആധാർ-മൊബൈൽ(ജെഎഎം) ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. സർക്കാർ സബ്‌സിഡികളുടെ ചോർച്ച തടയാൻ ജൻധൻ അക്കൗണ്ടുകൾ, മൊബൈൽ നമ്പറുകൾ, ആധാർ കാർഡുകൾ എന്നിവ ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്‍റെ സംരംഭമാണ് ജെഎഎം.
നിലവിൽ 52 മന്ത്രാലയങ്ങൾ 300 സർക്കാർ പദ്ധതികൾക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് സഹായം നൽകുന്നതിന് ജെഎഎം ഉപയോഗിക്കുന്നുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുജറാത്ത് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്‍റ് ബാങ്ക് ലിമിറ്റഡിന്‍റെ (ഖേതി) 70-ാമത് വാർഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം വായ്‌പ കുടിശ്ശിക വരുത്തിയവരിൽ നിന്ന് 190 കോടി രൂപ തിരിച്ചുപിടിച്ചതിന് ഖേതി ബാങ്കിന്‍റെ മാനേജ്‌മെന്‍റിനെ അമിത് ഷാ അഭിനന്ദിച്ചു.