ന്യൂയോര്‍ക്ക്: യുഎസിലെ പ്രധാനപ്പെട്ട ഓഹരി വിപണി സൂചികയായ എസ് ആന്‍ഡ് പി 500 ബിയര്‍ മാര്‍ക്കറ്റിലേക്ക് തിങ്കളാഴ്‌ച (13.06.2022) കൂപ്പുകുത്തിയിരിക്കുകയാണ്. അമേരിക്കയിലെ വിപണിമൂല്യം ഏറ്റവും കൂടുതലുള്ള 500 കമ്പനികളുടെ ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയാണ് എസ് ആന്‍ഡ് പി 500. വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ് ഓഹരി വിപണിയില്‍ ബിയര്‍ മാര്‍ക്കറ്റ് എന്ന പ്രതിഭാസം. ഇതിന്‍റ പ്രത്യാഘാതം കേവലം ഓഹരി വിപണയില്‍ മാത്രം നിലനില്‍ക്കുന്നതല്ല യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയിലും ഇതിന്‍റെ അനുരണനങ്ങള്‍ അനുഭവപ്പെടും.
എന്താണ് ബിയര്‍ മാര്‍ക്കറ്റ്: ഏറ്റവും ഒടുവില്‍ സംഭവിച്ച മൂല്യത്തിന്‍റെ പാരമ്യത്തില്‍നിന്ന് ഓഹരികള്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും താഴെപോകുമ്പോഴാണ് ബിയര്‍മാര്‍ക്കറ്റ് എന്ന് വിളിക്കുക. നിക്ഷേപകര്‍ക്ക് സമ്പദ്‌വ്യവസ്ഥയില്‍ എല്ലാ പ്രതീക്ഷയും നഷ്‌ടമായി എന്ന സൂചനയാണ് ബിയര്‍മാര്‍ക്കറ്റ് നല്‍കുന്നത്. ഓഹരികളുടെ വലിയ വിറ്റഴിക്കലാണ് അപ്പോള്‍ നടക്കുക.
അമേരിക്കയില്‍ ഇതിനുമുമ്പ് അവസാനമായി ബിയര്‍മാര്‍ക്കറ്റ് ഉണ്ടായത് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 2020ന്‍റെ ആദ്യ മാസങ്ങളിലാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബിയര്‍ മാര്‍ക്കറ്റായിരുന്നു അത്. ഓഹരികള്‍ക്ക് മൂന്നില്‍ ഒന്ന് മൂല്യം നഷ്‌ടപ്പെട്ട ആ ബിയര്‍മാര്‍ക്കറ്റ് നീണ്ടു നിന്നത് 33 ദിവസമായിരുന്നു. ഇതിന്‍റെ കരകയറലും തരതമ്യേന പെട്ടെന്നായിരുന്നു. ആറ് മാസം കൊണ്ട് ഓഹരികള്‍ നഷ്‌ടം നികത്തി.
പലപ്പോഴും സാമ്പത്തിക മാന്ദ്യത്തിന് മുന്നോടിയായാണ് ബിയര്‍മാര്‍ക്കറ്റ് ഓഹരിവിപണിയില്‍ പ്രത്യക്ഷപ്പെടാറ്. 2008ലേയും 2009ലേയും അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്കുണ്ടായ പ്രതിസന്ധിയും ഓഹരിവിപണയിലെ ബിയര്‍മാര്‍ക്കറ്റുമാണ് രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്കയെ നയിച്ചത്. അത് പിന്നീട് യൂറോപ്പിലും ലോകമാകെയും വ്യാപിക്കുകയായിരുന്നു.
യഥാര്‍ഥ സമ്പദ്‌വ്യവസ്ഥയുടെ സൂചകമായി ഓഹരിവിപണിയെ കാണാന്‍ സാധിക്കില്ലെങ്കിലും ഓഹരി വപണിയിലെ വലിയ കൂപ്പുകുത്തലുകളും സമ്പദ്‌വ്യവ്യവസ്ഥയിലെ തളര്‍ച്ചയും ഒരുമിച്ച് സംഭവിക്കാറുണ്ട്.
ഓഹരി വിപണിയിലെ ഇപ്പോഴത്തെ കൂപ്പു കുത്തലിന്‍റെ കാരണം: യുക്രൈനിലെ യുദ്ധവും ചൈനയില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും വരുത്തിവച്ച വിലക്കയറ്റവും അതിനെ നേരിടാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതുമാണ് നിലവിലെ ബിയര്‍മാര്‍ക്കറ്റിന്‍റെ പ്രധാനകാരണങ്ങള്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായ ബിയര്‍മാര്‍ക്കറ്റ് പോലെ തരതമ്യേന കുറഞ്ഞകാലയളവില്‍ നീണ്ടുനില്‍ക്കുന്ന ഒന്നല്ല ഇപ്പോഴത്തേത് എന്ന ആശങ്കയാണ് നിലവിലുള്ളത്. കൊവിഡിന്‍റ പശ്ചാത്തലത്തില്‍ യുഎസ് ഫെഡറല്‍ ഗവണ്‍മെന്‍റും ഫെഡറല്‍ റിസര്‍വും കൈകൊണ്ട സാമ്പത്തിക ഉത്തേജന പാക്കേജാണ് അന്ന് ബിയര്‍മാര്‍ക്കറ്റിന് ആറ് മാസം കൊണ്ട് കരകയറാന്‍ സാഹായിച്ചത്.
എന്നാല്‍ ഇപ്പോള്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ പതിറ്റാണ്ടുകളിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി തുടങ്ങി. പലിശ നിരക്ക് വീണ്ടും ഫെഡറല്‍ റിസര്‍വ് ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ കമ്പനികളുടെയും ഉപഭോക്താക്കളുടെയും വായ്‌പ ചെലവ് വര്‍ധിക്കുന്നത് കാരണം കമ്പനികള്‍ നിക്ഷേപിക്കുന്നതും ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നതും കുറയും. ഇത് സാമ്പത്തിക വളര്‍ച്ചയെ മുരടിപ്പിക്കും.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കും? ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ച് തുടങ്ങിയതോടെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുകയാണ്. അത് ഇന്ത്യന്‍ ഓഹരി വിപണിയെ മാത്രമല്ല ബാധിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടിയാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറയുന്നതാണ് അതിന് പ്രധാന കാരണം. ഇത് ഇറക്കുമതിച്ചെലവ് വലിയ രീതിയില്‍ വര്‍ധിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോഗം കുറയുമ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കയറ്റുമതിയും കുറയും. ഇതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ചില ഘടകങ്ങള്‍ മികച്ചതാണെന്നുള്ളതാണ് ഇപ്പോഴത്തെ ആശ്വാസം. അമേരിക്കയിലെ തൊഴില്‍ വിപണി മികച്ച രീതിയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ബിയര്‍മാര്‍ക്കറ്റ് സാമ്പത്തിക മാന്ദ്യത്തിന്‍റെ മുന്നോടിയാവില്ലെന്ന പ്രതീക്ഷയാണ് ചില വിദഗ്‌ധര്‍ പ്രകടിപ്പിക്കുന്നത്.