ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ നികുതി പിരിവിൽ 88 ശതമാനത്തിവന്‍റെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 3.35 ലക്ഷം കോടി രൂപയാണ് നികുതി ഇനത്തിൽ ലഭിച്ചത്. ഒരു വർഷം മുമ്പ് ഇത് 1.78 ലക്ഷം കോടി രൂപയായിരുന്നു. 2018-19ൽ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് പിരിവ് 2.13 ലക്ഷം കോടി രൂപയായിരുന്നു.
Also Read: 600 ഡീസൽ കാറുകൾ തിരിച്ചു വിളിക്കാൻ ഒരുങ്ങി മഹീന്ദ്ര
നികുതി പിരിവ് വർധിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടർന്നുള്ള ആകെ വില്പന കുറഞ്ഞു. പെട്രോളിന്‍റെ എക്സൈസ് തീരുവ കഴിഞ്ഞ വർഷം ലിറ്ററിന് 19.98 നിന്ന് 32.9 രൂപയായി ഉയർത്തിയിരുന്നു. 15.83 നിന്ന് 31.8 രൂപയായാണ് ഡീസലിന്‍റെ എക്‌സൈസ് തീരുവ ഉയർത്തിയത്. പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി രാമേശ്വർ തെലിയാണ് ഇതു സംബന്ധിച്ച കണക്ക് ലോക്‌സഭയെ അറിയിച്ചത്. ഈ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ എക്സൈസ് പിരിവ് ആകെ 1.01 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി പങ്കജ് ചൗധരി സഭയിൽ അറിയിച്ചു. എടിഎഫ്, പ്രകൃതിവാതകം, ക്രൂഡ് ഓയിൽ എന്നിവയുടെ എക്സൈസ് തീരുവ ഉൾപ്പടെയുള്ള കണക്കാണിത്.
ഈ വർഷം പെട്രോൾ വില വർധിപ്പിച്ചത് 39 തവണ
2010 ജൂൺ 26 മുതൽ പെട്രോളിന്‍റെയും 2014 ഒക്ടോബർ 19 മുതൽ ഡീസലിന്‍റെയും വില നിർണയിക്കുന്നത് വിപണിയാണ്. പൊതുമേഖല എണ്ണ വിപണന കമ്പനികൾ (ഒ.എം.സി) ആണ് അന്താരാഷ്ട്ര വിപണി സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ധന വില നിശ്ചയിക്കുന്നത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര തലത്തിൽ എണ്ണവിലയിൽ ഇടിവ് ഉണ്ടായതിനെ തുടർന്നുള്ള നേട്ടം ഇന്ത്യയിൽ ലഭിച്ചിരുന്നില്ല. ഇന്ധന വില കുറഞ്ഞതിന് അനുസരിച്ച് സർക്കാർ നികുതി ക്രമീകരിക്കുകയായിരുന്നു.
എന്നാൽ ഈ വർഷം അന്താരാഷ്ട്ര തലത്തിൽ എണ്ണ വില വർധിച്ചപ്പോൾ ഇന്ത്യയിൽ ഇന്ധന വില കുതിച്ചുയരുകയും ഡീസൽ, പെട്രോൾ വില 100 കടക്കുകയും ചെയ്‌തു. 2020-21 കാലയളവിൽ പെട്രോൾ വില 76 തവണ ഉയർത്തുകയും 10 എണ്ണം കുറയ്ക്കുകയും ചെയ്തപ്പോൾ ഡീസൽ നിരക്ക് 73 തവണ വർധിക്കുയും 24 തവണ കുറക്കുകയും ചെയ്‌തു. നടപ്പ് സാമ്പത്തിക വർഷത്തിൽ 39 തവണയാണ് പെട്രോൾ വില വർധിപ്പിച്ചത്. 36 തവണ ഡീസൽ വിലയും വർധിപ്പിച്ചു. ഇക്കാലയളവിൽ പെട്രോളിന്‍റെ വില ഒരു തവണയും ഡീസലിന്‍റെ വില രണ്ടു തവണയും കുറച്ചിരുന്നു.